ഗോരഖ്‌പൂര്‍: യോഗി സര്‍ക്കാര്‍ നിരന്തരമായി വേട്ടയാടുന്ന ശിശുരോഗ വിദഗ്‌ധന്‍ ഡോ. കഫീല്‍ ഖാന്റെ വീട്ടില്‍ വീണ്ടും പോലീസ് റെയ്‌ഡ്. പ്രായമായ ഉമ്മയും ബന്ധുവായ സ്‍ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും ഇവരെ ഭീഷണിപ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് പോലീസ് പരിശോധന നടത്തുന്നത് എന്നും ഡോ. കഫീല്‍ ഖാന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളില്‍ ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തനിക്കെതിരെ നടക്കുന്ന വേട്ടയാടലുകളെ കുറിച്ചും സംസാരിച്ചിരുന്നു. ദേശീയ മാദ്ധ്യമങ്ങളടക്കം ഇക്കാര്യം വർത്തയാക്കിയതിനാൽ പകവീട്ടാനാണ് ഇപ്പോള്‍ റെയ്‌ഡ് നടത്തുന്നതെന്നാണ് കഫീൽ പറയുന്നത്. പുസ്‌തക പ്രകാശനവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ നിലവിൽ കേരളത്തില്‍ പര്യടനം നടത്തുകയാണ്.
“ആളുകളിലേക്ക് എന്റെ പുസ്‌തകം എത്തിക്കാന്‍ ഞാന്‍ കേരളത്തിലാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി, കുട്ടികളെ ചികിൽസിക്കുന്ന തിരക്കിലാണ്. 70 വയസുള്ള എന്റെ മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്. അവരെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്ക് എന്താണ് തെളിയിക്കേണ്ടത്.
എന്നെ അറസ്‌റ്റ് ചെയ്യുകയോ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. പക്ഷേ മാതാവിനോട് കരുണ കാണിക്കൂ, അവര്‍ക്കത് താങ്ങാന്‍ കഴിയില്ല. ഇത്തിരി മനുഷ്യത്വം ബാക്കിയുണ്ടാവണം സര്‍”- ഡോ. കഫീല്‍ഖാന്‍ ഫേസ്ബുക്കില്‍ എഴുതി. വീട് റെയ്‌ഡ് ചെയ്യുന്ന പൊലീസുകാരുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
‘ദ ഖൊരഖ്‌പൂര്‍ ഹോസ്‌പിറ്റല്‍ ട്രാജഡി- എ ഡോക്‌ടേഴ്‌സ് മെമയിര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്’ എന്ന തന്റെ പുസ്‌തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാന്‍ ഇപ്പോള്‍ കേരളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ സ്‌ഥലങ്ങളില്‍ നടന്ന ചടങ്ങുകളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു.
വേട്ടയാടപ്പെട്ട തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതത്തിനൊപ്പം യുപിയില്‍ ജീവവായു കിട്ടാതെ മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെയും യഥാര്‍ഥ ചിത്രമാണ് പുസ്‍തകത്തില്‍ വിശദീകരിക്കുന്നത് എന്നാണ് കഫീൽ ഖാൻ പറയുന്നത്. 2017ല്‍ യുപിയില്‍ ഓക്‌സിജന്‍ കിട്ടാതെ കൊല്ലപ്പെട്ട 63 കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് പുസ്‍തകം സമര്‍പ്പിച്ചത്.
Read also: 16കാരിയെ ബലാൽസംഗം ചെയ്‌തു; അച്ഛനും സഹോദരനും അറസ്‌റ്റിൽ