ഡെറാഡൂൺ: മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക് പോകും. അതേസമയം, ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്‌ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്‌തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.
മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്‌തമായ വെള്ളപ്പൊക്കമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്‌ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് സംഘവും ഉടന്‍ ഉത്തരാഖണ്ഡിലേക്ക് എത്തിച്ചേരും.
തപോവൻ മേഖലയിൽ നിന്ന് മാത്രം 50 മുതൽ 75 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. ചമോലി മുതൽ ഹരിദ്വാർ വരെയുള്ള പ്രളയ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അൽപസമയത്തിനകം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രറാവത്ത് സ്‌ഥലത്ത് ആകാശ സന്ദർശനം നടത്തും.
അപകടത്തില്‍ ധൗളിഗംഗയുടെ തീരങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഗംഗാതടത്തില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് സംസ്‌ഥാന സർക്കാർ ഇപ്പോൾ.
Read also: ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, 150 പേരെ കാണാനില്ല