ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വൻ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിന്റെ തീവ്രതയേറുന്നു. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്‌ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്‌തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ.
ചമോലിയിലെ തപോവൻ മേഖലകളിൽ നിന്നുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ സൈറ്റിലുള്ള അണക്കെട്ടാണ് ഭാഗികമായി തകർന്നത്. ഇവിടെ നിന്നാണ് 3 മൃതദേഹങ്ങൾ കണ്ടെടുത്തിരിക്കുന്നത്. പ്രദേശത്ത് വൻ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്.
അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് സംസ്‌ഥാന സർക്കാർ ഇപ്പോൾ. സ്‌ഥലത്ത് ഐടിബിപി, ദുരന്ത പ്രതികരണ സേന എന്നിവരുടെ രക്ഷാപ്രവർത്തനം തുടരുകയാണ്. 600 അംഗ സൈന്യത്തിന്‍റെ ഗ്രൂപ്പുകളെയും ദുരന്ത നിവാരണ സേനയെയും വ്യോമസേനയെയും ഡെറാഡൂണിൽ നിന്ന് സ്‌ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
തപോവൻ മേഖലയിൽ നിന്ന് മാത്രം 50 മുതൽ 75 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. ചമോലി മുതൽ ഹരിദ്വാർ വരെയുള്ള പ്രളയ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അൽപസമയത്തിനകം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രറാവത്ത് സ്‌ഥലത്ത് ആകാശ സന്ദർശനം നടത്തും.
ദുരന്ത വിവരമറിഞ്ഞയുടൻ മുഖ്യമന്ത്രി രക്ഷാ പ്രവർത്തനങ്ങളുടെ വിവരങ്ങൾ തേടാനും ഏകോപിപ്പിക്കാനുമായി അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഉത്തരാഖണ്ഡിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായും വ്യോമസേനക്ക് അടക്കം മുന്നറിയിപ്പ് നൽകിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തു.
Read Also: ട്രാക്‌ടർ റാലിയിലെ സംഘർഷം; രണ്ട് നേതാക്കൾക്ക് സസ്‍പെൻഷൻ