ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം ജാഫറിന് എതിരെ വർഗീയ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്താണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ വിഷയം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്വേഷം ഒരു ഏർപ്പാടായി മാറിയെന്നും നമ്മുടെ ക്രിക്കറ്റിനെ പോലും അത് നശിപ്പിച്ചെന്നും രാഹുൽ ട്വീറ്റിൽ പറയുകയുണ്ടായി. ഉത്തരാഖണ്ഡ് സംഭവം ഉയർത്തിക്കാട്ടിയാണ് രാഹുൽ ട്വീറ്റ് ചെയ്തതെങ്കിലും ട്വീറ്റിൽ ആരുടേയും പേര് അദ്ദേഹം പരാമർശിച്ചിരുന്നില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കായിക രംഗം വർഗീയവൽക്കരിക്കുകയാണെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.
ടീം സെലക്ടർമാരുടെയും അസോസിയേഷൻ ഭാരവാഹികളുടെയും ഇടപെടലും പക്ഷപാതവും അർഹതയില്ലാത്ത താരങ്ങൾക്ക് പ്രോൽസാഹനം നൽകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഫെബ്രുവരി 8ന് വസീം ജാഫർ പരിശീലക സ്ഥാനം രാജിവെച്ചത്.
Read also: ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ടെസ്ല; നിർമാണ യൂണിറ്റ് കർണാടകയിൽ







































