റിയാദ്: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യയുടെ 36 സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഒക്‌ടോബർ 31 മുതൽ ഡിസംബർ 30 വരെ ആയിരിക്കും സർവീസുകൾ. കേരളത്തിൽ കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സർവീസുകൾ ഉണ്ടാവുക.
നവംബർ, ഡിസംബർ മാസങ്ങളിലായി ഒൻപത് സർവീസുകളാണ് കോഴിക്കോട്ടേക്ക് ഉള്ളത്. നവംബർ മൂന്ന്, 10, 17, 24, ഡിസംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ. ജിദ്ദയിൽ നിന്നും മുംബൈ വഴിയായിരിക്കും കോഴിക്കോട്ടേക്കുള്ള സർവീസുകൾ. മുതിർന്നവർക്ക് 1061 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 836 റിയാൽ, രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് 164 റിയാൽ എന്നിങ്ങനെയാണ് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കുകൾ.
Also Read: 7 ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം ദുബായ് യാത്രയില്‍ സ്വീകരിക്കപ്പെടില്ല
ജിദ്ദയിൽ നിന്നും ഡെൽഹി വഴി ലഖ്‌നൗവിലേക്ക് 18ഉം ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പതും സർവീസുകളാണ് എയർ ഇന്ത്യക്കുണ്ടാവുക. മുതിർന്നവർക്ക് 1361 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 1061 റിയാൽ, രണ്ട് വയസിന് താഴെ 194 റിയാൽ എന്നിങ്ങനെയാണ് ഈ സർവീസുകളിലെ ടിക്കറ്റ് നിരക്കുകൾ. യാത്രക്കാർ തങ്ങളുടെ പാസ്‌പോർട്ട് കോപ്പി സഹിതം ജിദ്ദ, മദീന റോഡിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് കോൺസുലേറ്റ് അറിയിച്ചു.