മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ തെലുഗു കവി വരവരറാവു ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷയില്‍ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. ആരോഗ്യവാനായി ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ് റാവുവിന് നേരെ നടക്കുന്നതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ പി ഹേമലത നല്‍കിയ ഹരജിയിലും ജസ്‌റ്റിസുമാരായ എസ്എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിധി പറയും. കഴിഞ്ഞ ഒന്നിനാണ് വാദപ്രതിവാദം പൂര്‍ത്തിയാക്കിയത്.
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യുഎപിഎ പ്രകാരമാണ് കേസെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് എൻഎഎയുടെയും മഹാരാഷ്‌ട്ര സർക്കാറിന്റെയും നിലപാട്. ആവശ്യമെങ്കിൽ തലോജ ജയിലിലേക്ക് മടക്കി അയക്കുന്നതിന് പകരം ജെജെ മെഡിക്കൽ കോളജിലെ പ്രിസൺ വാർഡിലേക്ക് മാറ്റാമെന്നും ഇവർ കോടതിയെ അറിയിച്ചു. മറുവാദമുന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും ഓർമവേണമെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പലതവണ എൻഐഎയെ ഓർമപ്പെടുത്തിയിരുന്നു.
ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായതിന് ശേഷം ഇതുവരെ റാവുവിന് ജാമ്യം ലഭിച്ചിട്ടില്ല. 81കാരനായ വരവര റാവുവിന്റെ ആരോഗ്യസ്‌ഥിതി ജയിലിൽ വെച്ച് മോശമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നു. എന്നാൽ പരിചരിക്കാൻ ആരുമില്ലാതെ കിടന്ന വരവര റാവുവിനെ തങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം ഓർമ നഷ്‌ടപ്പെട്ട നിലയിൽ കണ്ടതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
Read also: ഗൗരി ലങ്കേഷ് വധം; പ്രതികൾക്ക് ജാമ്യമില്ല







































