മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായിരുന്ന കവി വരവര റാവുവിന് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. വരവര റാവുവിന്റെ ആരോഗ്യ സ്‌ഥിതി കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോഗ്യസ്‌ഥിതി പ്രശ്‍നത്തിലാണെന്നും നാനാവതി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണെന്നും വരവര റാവു ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി.
അതിനാൽ നിലവിലെ ആരോഗ്യസ്‌ഥിതിയിൽ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാൻ അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു.
ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായതിന് ശേഷം ഇതുവരെ റാവുവിന് ജാമ്യം ലഭിച്ചിരുന്നില്ല. 81കാരനായ വരവര റാവുവിന്റെ ആരോഗ്യസ്‌ഥിതി ജയിലിൽ വെച്ച് മോശമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നു. എന്നാൽ പരിചരിക്കാൻ ആരുമില്ലാതെ കിടന്ന വരവര റാവുവിനെ തങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം ഓർമ നഷ്‌ടപ്പെട്ട നിലയിൽ കണ്ടതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
Read also: കമൽനാഥ് കയറിയ ലിഫ്‌റ്റ് പത്തടി താഴ്‌ചയിലേക്ക് പതിച്ചു; രക്ഷപെട്ടത് തലനാരിഴക്ക്