ഇൻഡോർ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്‌റ്റ് പത്തടി താഴ്‌ചയിലേക്ക് പതിച്ചു. അപകട സമയത്ത് കോൺഗ്രസ് നേതാക്കളും ഇദ്ദേഹത്തോടൊപ്പം ലിഫ്‌റ്റിൽ ഉണ്ടായിരുന്നു. തലനാരിഴക്കാണ് എല്ലാവരും രക്ഷപെട്ടത്. ആർക്കും പരിക്കില്ല.
ജിതു പട്വാരി, സജ്‌ജൻ സിങ് വർമ, വിശാൽ പട്ടേൽ, വിനയ് ബാകലിവാൽ തുടങ്ങിയ നേതാക്കളാണ് കമൽനാഥിനൊപ്പം ഉണ്ടായിരുന്നത്. അമിതഭാരം മൂലമാണ് ലിഫ്‌റ്റ് നിയന്ത്രണം വിട്ടതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അപകടം നടന്ന ഡിഎൻഎസ് ആശുപത്രി അധികൃതർ പറഞ്ഞു.
മുകളിൽ നിന്ന് ലിഫ്‌റ്റ് പത്തടി താഴേക്ക് പതിക്കുമ്പോൾ ഒരു ഡസനോളം ആളുകൾ അതിലുണ്ടായിരുന്നു ഒപ്പം ലിഫ്‌റ്റിന്റെ ഡോറുകളും ജാമായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുൻ മന്ത്രി രമേശ്വർ പട്ടേലിനെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയതായിരുന്നു കമൽനാഥും അനുയായികളും. മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായാണ് ലിഫ്‌റ്റിൽ കയറിയതെങ്കിലും ലിഫ്‌റ്റ് താഴേക്ക് പതിക്കുകയായിരുന്നു.
ലിഫ്‌റ്റ് വീണയുടൻ തന്നെ കമൽനാഥിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥർ ഓടിയെത്തിയെങ്കിലും ലിഫ്‌റ്റിന്റെ വാതിൽ തുറക്കാൻ സാധിച്ചില്ല. തുടർന്ന്, ലിഫ്‌റ്റ് എഞ്ചിനീയറെ വിളിക്കുകയും വാതിൽ തകർത്ത് കമൽനാഥ് ഉൾപ്പടെയുള്ള നേതാക്കളെ രക്ഷിക്കുകയും ആയിരുന്നു. സംഭവത്തിൽ അഡീഷണൽ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഇന്ത്യക്ക് അപമാനമായി രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബാലവേല; 11 കുട്ടികളെ രക്ഷപ്പെടുത്തി