ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഇന്ത്യക്ക് അപമാനമായി വീണ്ടും ബാലവേല കണ്ടെത്തി. ബേക്കറി നിർമാണശാല ഉൾപ്പടെ ചെറുകിട സ്‌ഥാപനങ്ങളിൽ കരാർ അടിസ്‌ഥാനത്തിൽ ജോലിചെയ്‌തിരുന്ന 11 ആൺ കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളെ നഗരത്തിലെ ശിശുസംരക്ഷണ സ്‌ഥാപനങ്ങളിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്.
ജനുവരി മാസത്തിലും സമാനമായ രീതിയിൽ 51 കുട്ടികളെ കമ്മീഷൻ രക്ഷപ്പെടുത്തിയിരുന്നു. 41 പെൺകുട്ടികളെയും 10 ആൺകുട്ടികളെയുമാണ് പടിഞ്ഞാറൻ ഡെൽഹിയിലെ നംഗോളി മേഖലയിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഇന്ന് രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തിൽ എട്ടു വയസുള്ള കുഞ്ഞുൾപ്പടെ ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന സത്യം. വടക്കൻ ഡെൽഹിയിലെ സമായ്‌പൂർ, ബദലി മേഖലയിലെ വിവിധയിടങ്ങളിൽ നിന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിൽ നടന്നത്. വീട്ടു ജോലി ചെയ്യാനും കുട്ടികളെ വിനിയോഗിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും കുട്ടികൾ വിധേയരായിരുന്നു; കമ്മീഷൻ വ്യക്‌തമാക്കി. മാനസികമായി തളർന്ന കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുമെന്നും കമ്മീഷൻ അറിയിച്ചു. വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിൽ 12 മണിക്കൂറോളം നേരമാണ് കുട്ടികൾ ജോലി ചെയ്‌തിരുന്നത്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തില്‍ വളരാനുള്ള കുട്ടികളുടെ അവകാശം എന്നിവയെ പൂര്‍ണമായി ലംഘിക്കുന്നതുമായ സാമൂഹിക വിപത്താണ് ബാലവേല. ഇന്ത്യയിലിത് വളരെയേറെ കുറഞ്ഞിരുന്നു. എന്നാലിപ്പോൾ വർധിക്കുന്നതായി വേണം മനസിലാക്കാൻ. കുടുംബങ്ങളുടെ തകര്‍ച്ച, ദാരിദ്ര്യം, പട്ടിണി, നിരക്ഷരത തുടങ്ങിയവയാണ് ബാലവേല വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍.
ബാലനീതി നിയമപ്രകാരം, കുട്ടികളെ ജോലിചെയ്യിച്ചാൽ 5 വര്‍ഷംവരെ കഠിന തടവും ഒരുലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികളെ യാചകവൃത്തി ചെയ്യിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. ബാലവേല ഉള്‍പ്പെടെ, കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന പ്രവൃത്തികള്‍ക്ക് കുട്ടികളുടെ രക്ഷിതാക്കള്‍ക്കും 3 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരുലക്ഷംരൂപ പിഴയും ലഭിക്കും.
Most Read: ‘പശു ശാസ്‌ത്ര’ പരീക്ഷയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ല; റദ്ദാക്കണമെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത്