മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. രണ്ടുപേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണ്. രാഹുൽ ഒളിച്ചോടി എന്ന് മോദി പറയുന്നു. മുഖ്യമന്ത്രിയും അത് തന്നെയാണ് പറയുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
രാഹുലിനെ വ്യക്‌തിഹത്യ നടത്താൻ ബിജെപി നടത്തുന്ന ആക്ഷേപം സിപിഎം ഏറ്റെടുത്തെന്നും സതീശൻ ചൂണ്ടിക്കാട്ടി. രാഹുൽ വയനാട്ടിൽ മൽസരിക്കുന്നത് ബിജെപിയേക്കാൾ അലോസരപ്പെടുത്തുന്നത് സിപിഎമ്മിനെയാണ്. ആര് എവിടെ മൽസരിക്കണമെന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികൾ അല്ലേ. കണ്ണൂരിൽ മൽസരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മൽസരിക്കാൻ പറയാൻ പറ്റുമോ എന്നും വിഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി പറയുന്നത് എന്റെ സമനില തെറ്റി എന്നാണ്. നവകേരള സമയത്ത് ഒമ്പത് തവണയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്, ഞാൻ എണ്ണി. പിണറായിയെ ആരെതിർത്താലും അവരുടെ സമനില തെറ്റി എന്നാണ് പറയുന്നത്. ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റിയെന്ന് പറയുന്നത് തന്നെ ഒരു പ്രശ്‌നമാണ്. അങ്ങനെ പറയുന്നയാളാണ് ഡോക്‌ടറെ കാണേണ്ടതെന്നും വിഡി സതീശൻ പരിഹസിച്ചു.
സിഎഎ വിഷയത്തിൽ രാഹുൽ സംസാരിച്ചില്ലെന്ന വിമർശനത്തിനും വിഡി സതീശൻ മറുപടി നൽകി. സിഎഎക്ക് എതിരായി രാഹുൽ വോട്ട് ചെയ്‌തതിന്റെ രേഖകൾ പിണറായിക്ക് അയച്ചുകൊടുത്തു. പ്രിയങ്ക ഗാന്ധിയും ഇപ്പോൾ പരസ്യമായി സിഎഎക്കെതിരെ പറഞ്ഞില്ലേ. സിഎഎ സമര കേസ് ഇതുവരെ കേരളത്തിൽ പിൻവലിക്കാത്തത് ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണോയെന്നും വിഡി സതീശൻ ചോദിച്ചു.
നട്ടാൽ കുരുക്കാത്ത നുണ പറയുന്നത് മുഖ്യമന്ത്രിയാണ്. ഗാന്ധിജിയെയും നെഹ്‌റുവിനെയും രൂക്ഷമായി വിമർശിച്ചത് കമ്യൂണിസ്‌റ്റ് പാർട്ടിയാണ്. കമ്യൂണിസ്‌റ്റ് പാർട്ടികളും ഹിന്ദുത്വ ശക്‌തികളുമെല്ലാം അന്ന് ഒരുമിച്ചായിരുന്നു. സിപിഎം ഇപ്പോൾ നടത്തുന്നത് മുസ്‌ലിം വോട്ട് കിട്ടാനുള്ള ശ്രമമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും