പാലക്കാട്: പിവി അൻവർ അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിനെ ആരും സമീപിച്ചിട്ടില്ല. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. അവരുമായി ഒരു ഉപാധികളും സംസാരിക്കാനില്ലെന്നും സതീശൻ പറഞ്ഞു.
കെ കരുണാകരനെയും സിഎച്ച് മുഹമ്മദ് കോയയെയും പോലുള്ള സമുന്നതരായ നേതാക്കളുണ്ടാക്കിയ പ്രസ്‌ഥാനമാണ് കോൺഗ്രസ്. അതിനെ ഇത്തരം ആളുകൾക്ക് മുന്നിൽ വിലപേശാൻ വെച്ചാൽ ചരിത്രം തന്നോട് ക്ഷമിക്കില്ലെന്നും സതീശൻ പറഞ്ഞു. പാർട്ടി വിട്ടുപോയവരെ കുറിച്ച് സന്തോഷമാണെന്നും അവരെക്കാരണം മറുപക്ഷം ഇനി അനുഭവിക്കുന്നത് കണ്ട് ആസ്വദിക്കുകയല്ലാതെ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും സതീശൻ വ്യക്‌തമാക്കി. മൂന്നുമാസമായി തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നന്നായി നടക്കുന്നു. വയനാട്ടിലാണ് വിസ്‌മയകരമായ വിജയം പ്രതീക്ഷിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
2019ൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ പ്രിയങ്കക്ക് ലഭിക്കും. പാലക്കാട് ഷാഫി പറമ്പിലിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കും. പതിനായിരത്തിലേറെ ഭൂരിപക്ഷത്തിന് ജയിക്കും. ചേലക്കര 28 വർഷത്തിന് ശേഷം സിപിഎമ്മിൽ നിന്ന് കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നും സതീശൻ വ്യക്‌തമാക്കി.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും








































