തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതിന് പിന്നാലെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസ് കണ്ടെത്തിയത്.
പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യാനായി നല്കിയ നോട്ടീസുകളാണ് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചതെന്നാണ് വിലയിരുത്തല്‍. അടുത്തിടെയാണ് വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത്. നന്തന്‍കോട്ടെ, ആക്രിക്കടയില്‍ നിന്നാണ് ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
വിഷയത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി വീണ എസ് നായർ കൂടിക്കാഴ്ച നടത്തിയിരുന്നു. പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി മുല്ലപ്പള്ളി അറിയിച്ചു. സീനിയർ ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാമാണ് സമിതിയുടെ അധ്യക്ഷൻ. മുതിർന്ന നേതാക്കളുടെ അസാന്നിധ്യം അടക്കം പരിശോധിച്ച് റിപ്പോർട് നൽകാൻ നിർദ്ദേശിച്ചെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
Read also: ‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി ചെന്നിത്തല







































