മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവുമായി. ആശുപത്രിയിലെ ആധുനിക സജ്‌ജീകരണങ്ങളുടെ പട്ടികയിൽ കോവിഡിനും മറ്റ് രോഗങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വെന്റിലേറ്റർ ഐസിയുകൂടി വന്നതോടെ സ്വകാര്യ ആശുപത്രികളുമായി കിടപിടക്കുന്ന രീതിയിലായി ഈ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം.
സംസ്‌ഥാന ദുരന്തനിവാരണ വിഭാഗത്തിൽനിന്നു ലഭിച്ച 1.15 കോടി ഉപയോഗിച്ചാണ് വെന്റിലേറ്റർ ഐസിയു സൗകര്യമൊരുക്കിയത്. 10 വെന്റിലേറ്ററുകളും ഐസിയുവിനോടു ചേർന്ന് അഞ്ച് എച്ച്ഡിയു സൗകര്യവുമാണ് ഒരുക്കിയിട്ടുള്ളത്. മെഡിക്കൽ കോളേജ് കഴിഞ്ഞാൽ പിന്നെ ഇത്രയും വെന്റിലേറ്റർ സൗകര്യമുള്ള ജില്ലയിലെ ഏക സർക്കാർ ആശുപത്രി കോട്ടപ്പടി താലൂക്ക് ആശുപത്രിയാണ്. 115 കിടക്കകളോടെയുള്ള പുത്തൻ സജ്‌ജീകരണങ്ങളാണ് കോട്ടപ്പടിയിൽ ഒരുക്കിയിരിക്കുന്നത്.
വെന്റിലേറ്റർ അടക്കമുള്ള സൗകര്യം താലൂക്ക് ആശുപത്രിക്കു ലഭിച്ചത് ഏറെ ആശ്വാസകരമാണ്. ഓക്‌സിജൻ അനുബന്ധ സൗകര്യമൊരുക്കാൻ ദേശീയ ആരോഗ്യ മിഷൻ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ശനിയാഴ്‌ച രാവിലെ 10.30ന് വെന്റിലേറ്റർ ഐസിയു ബ്ളോക്കിന്റെ ഉൽഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിക്കും.
ഒരുക്കങ്ങൾ വിലയിരുത്താൻ നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ആശുപത്രി സന്ദർശിച്ചു. പികെ സക്കീർഹുസൈൻ, പികെ അബ്‌ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.
Most Read: അധ്യക്ഷയെന്ന നിലയിൽ ജോസഫൈൻ കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ; ആരോപണം







































