തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ധരിച്ചിരുന്ന ഷർട് കുളത്തിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽ നിന്നാണ് പ്രതി രാജേന്ദ്രന്റെ ഷർട് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട് ചോരപുരണ്ട വസ്ത്രം കുളത്തിൽ ഉപേക്ഷിച്ചെന്ന് പ്രതി നേരത്തെ മൊഴി നൽകിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി രാജേന്ദ്രനുമായി പോലീസ് അമ്പലമുക്കിലും മുട്ടടയിലും തെളിവെടുപ്പ് നടത്തിയത്. അമ്പലമുക്കിൽ കൊലപാതകം നടന്ന കടയിൽ പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. പ്രതിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഏറെ പാടുപെട്ടാണ് നാട്ടുകാരെ പോലീസ് പിന്തിരിപ്പിച്ചത്.
കൃത്യം നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുക്കുക എന്നതായിരുന്നു പോലീസിന്റെ പ്രധാന ലക്ഷ്യം. കുളത്തിൽ തിരച്ചിൽ നടത്താനായി മുങ്ങൽ വിദഗ്ധരും എത്തിയിരുന്നു. ഏകദേശം പത്ത് മിനിറ്റിനുള്ളിൽ തന്നെ കുളത്തിൽ നിന്ന് ചോരപുരണ്ട ഷർട് കണ്ടെടുത്തു. ഇത് തന്റെ ഷർട്ടാണെന്ന് രാജേന്ദ്രൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ, മുക്കാൽ മണിക്കൂറോളം കുളത്തിൽ തിരച്ചിൽ നടത്തിയിട്ടും കത്തി കണ്ടെത്താനായില്ല. ഒടുവിൽ തെളിവെടുപ്പ് അവസാനിപ്പിച്ച് പോലീസ് പ്രതിയുമായി മടങ്ങുകയായിരുന്നു.
അതേസമയം, കത്തി ഉപേക്ഷിച്ചത് സംബന്ധിച്ച് രാജേന്ദ്രന്റെ മൊഴിയിൽ വ്യക്തത കുറവുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫെബ്രുവരി ആറാം തീയതി ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളിൽ വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോക്ക്ഡൗൺ ദിനത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യ മണിക്കൂറുകളിൽ പ്രതിയെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
പിന്നീട് സിസിടിവി ക്യാമറകളിൽ നിന്നാണ് രാജേന്ദ്രൻ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതി രാജേന്ദ്രനാണെന്ന് തിരിച്ചറിയുകയുമായിരുന്നു. നേരത്തെ അഞ്ചുപേരെ കൊലപ്പെടുത്തിയ കൊടുംക്രിമിനലായ രാജേന്ദ്രനെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
Also Read: മലകയറ്റം; ബാബുവിന് ലഭിച്ച ഇളവുകൾ ആരും പ്രതീക്ഷിക്കണ്ട; താക്കീത് നൽകി മന്ത്രി








































