പാരിസ്: ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ”ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്‌നവും എന്റെ ധൈര്യവും തകർന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ ശക്‌തിയില്ല” എന്നാണ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്‌റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്.
50 കിലോഗ്രാം വനിതാ ഫ്രീസ്‌റ്റൈൽ ഗുസ്‌തി ഫൈനലിന് തൊട്ടുമുൻപാണ് ശരീരഭാരം കൂടുതലെന്ന് ചൂണ്ടിക്കാട്ടി പാരിസ് ഒളിമ്പിക്‌സിൽ നിന്ന് കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‌ലിങ് തലവൻ നൈനാദ് ലാലോവിച് പറഞ്ഞിരുന്നു.
ഫൈനലിന് തൊട്ടുമുൻപ് മൽസരത്തിൽ നിന്ന് താരത്തെ അയോഗ്യയാക്കിയത് സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്. 50കിലോ വിഭാഗത്തിൽ മൽസരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100ഗ്രാം കൂടുതലാണെന്ന് പറഞ്ഞാണ് മൽസരത്തിൽ നിന്ന് വിലക്കിയത്.
സ്വർണ പോരാട്ടത്തിന്റെ പടിവാതിൽക്കൽ വെച്ച് അയോഗ്യയാക്കപ്പെട്ടിട്ടും സംയമനം കൈവിടാതെയാണ് വിനേഷ് ഫോഗട്ട് പ്രതികരിച്ചതെന്ന് പരിശീലകർ പറയുന്നു. ”മെഡൽ നഷ്‌ടമായത് ദൗർഭാഗ്യം തന്നെ. പക്ഷേ അത് മൽസരത്തിന്റെ ഭാഗമാണല്ലോ” എന്നാണ് കാണാനെത്തിയ പരിശീലകരോട് വിനേഷ് ഫോഗട്ട് പറഞ്ഞത്.
അതേസമയം, അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വെള്ളി മെഡൽ പങ്കിടണമെന്ന ആവശ്യമാണ് വിനേഷ് ഫോഗട്ട് അപ്പീലിൽ ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കുന്നതിനിടെയാണ് താരം വിരമിക്കാനുള്ള പ്രഖ്യാപനം നടത്തിയത്.
Health| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ