ആലപ്പുഴ: ജൻമനാട്ടിൽ ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വിഎസ് അച്യുതാനന്ദൻ. വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടു. പത്തുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 11.30ന് ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുമണിയോടെ സംസ്‌കാരം നടത്താനാണ് നിലവിലെ തീരുമാനം.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. കണക്കുകൂട്ടലുകളെ തെറ്റിച്ച് വഴിയോരം നിറയെ മഴയെ അവഗണിച്ചും പ്രിയ സഖാവിനെ ഒരുനോക്ക് കാണായി ആയിരക്കണക്കിന് ആളുകളാണ് കാത്തുനിൽക്കുന്നത്.
ആൾത്തിരക്ക് മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ട് പോകുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളുണ്ടായി. വയോധികരും സ്‌ത്രീകളും കുട്ടികളുമടക്കം വിതുമ്പലോടെയാണ് പ്രിയ സഖാവിന് യാത്രാമൊഴിയേകിയത്. പറവൂരിലെ വീട്ടിൽ ആദ്യ പത്തുമിനിറ്റ് കുടുംബാംഗങ്ങൾക്ക് മാത്രമായി മാറ്റിവെക്കും. ഈ സമയത്ത് ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ല.
തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി തിരിച്ചുവിടും. വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയ നടക്കാവ് റോഡിൽ ഇന്ന് രാവിലെ 11 വരെ ഗതാഗതം നിരോധിച്ചു. ആലപ്പുഴ ജില്ലയിൽ ഇന്ന് പൊതു അവധിയാണ്. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തിയിട്ടുണ്ട്.
Most Read| ‘റഷ്യയുമായി വ്യാപാരയുദ്ധം തുടർന്നാൽ തരിപ്പണമാക്കും’; മുന്നറിയിപ്പുമായി യുഎസ് സെനറ്റർ