ആലപ്പുഴ: ജനഹൃദയങ്ങൾ കീഴടക്കി വിഎസ്. ഭൗതികശരീരം ഒരുമണിക്കൂറിനകം പറവൂരിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായി. ഇന്നലെ ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 20 മണിക്കൂർ പിന്നിട്ടു.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ആലപ്പുഴയിലേക്ക് എത്തുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണായി കാത്തുനിൽക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്.
അഞ്ചുമണിയോടെ സംസ്‌കാരം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിശ്‌ചയിച്ച സമയക്രമത്തിലൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്.
17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. കണക്കുകൂട്ടലുകളെ തെറ്റിച്ച് വഴിയോരം നിറയെ മഴയെ അവഗണിച്ചും പ്രിയ സഖാവിനെ ഒരുനോക്ക് കാണായി ആയിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്. പറവൂരിലെ വീട്ടിൽ ആദ്യ പത്തുമിനിറ്റ് കുടുംബാംഗങ്ങൾക്ക് മാത്രമായി മാറ്റിവെക്കും. ഈ സമയത്ത് ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ല.
തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി തിരിച്ചുവിടും. വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയ നടക്കാവ് റോഡിൽ ഇന്ന് രാവിലെ 11 വരെ ഗതാഗതം നിരോധിച്ചു. ആലപ്പുഴ ജില്ലയിൽ ഇന്ന് പൊതു അവധിയാണ്.
Most Read| നിമിഷപ്രിയയുടെ മോചനം; മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണം, കേന്ദ്രത്തിന് നിവേദനം