ആലപ്പുഴ: കണ്‌ഠമിടറിയ മുദ്രാവാക്യങ്ങൾക്ക് നടുവിൽ, പെരുമഴയെ ഭേദിച്ച്, ജനക്കൂട്ടത്തെ സാക്ഷിയാക്കി വിഎസ് മടങ്ങി, നിത്യനിദ്രയിലേക്ക്. വലിയ ചുടുകാട്ടിലെ പ്രത്യേകം തയ്യാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വിഎ അരുൺ കുമാർ അഗ്‌നിപകർന്നു. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങൾക്ക് വിപ്ളവ തീപ്പൊരി പകർന്ന വിഎസ് ഇനി പുന്നപ്രയിലെ ജ്വലിക്കുന്ന ഓർമ.
പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് ചിതയ്‌ക്ക് തീ പകർന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലായിരുന്നു അവസാന പൊതുദർശനം. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. വലിയ ചുടുകാട്ടിലേക്കുള്ള വഴികളെല്ലാം പോലീസ് ബ്ളോക്ക് ചെയ്‌തിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൻമാർ വലിയ ചുടുകാട്ടിൽ എത്തിയിരുന്നു.
ഹൃദയഭേദകമായ യാത്രാമൊഴിയാണ് ജൻമ നാട് വിഎസിന് നൽകിയത്. റിക്രിയേഷൻ മൈതാനത്ത് പതിനായിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ എത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടമാണ് വിഎസിനെ കാത്തുനിന്നത്.
രമേശ് ചെന്നിത്തലയും ജി സുധാകരനും അടക്കമുള്ള മുതിർന്ന നേതാക്കൾ വിഎസിന് വേണ്ടി കാത്തുനിന്നു. ഇടയ്‌ക്കിടെ പെയ്‌ത കനത്ത മഴയെ പോലും കാര്യമാക്കാതെ വഴിയോരങ്ങളിലെല്ലാം ആളുകൾ ഇടം പിടിച്ചു. ഉച്ചയ്‌ക്ക് 12.15ഓടെയാണ് ഭൗതികദേഹം വേലിക്കകത്ത് വീട്ടിലെത്തിയത്. കുടുംബാംഗങ്ങൾക്ക് മാത്രമായി പത്തുമിനിറ്റ് സമയം. പിന്നെ പൊതുദർശനം തുടങ്ങി.
ആദരാഞ്‌ജലി അർപ്പിക്കാനെത്തിയവരുടെ നിര നാല് കിലോമീറ്ററോളം നീണ്ടു. കനത്ത മഴയിലും നെഞ്ചുപിടയുന്ന സങ്കടത്തോടെ അവർ പ്രിയ സഖാവിന് യാത്രാമൊഴി നൽകി. 2.40ഓടെ വീട്ടിലെ പൊതുദർശനം അവസാനിപ്പിച്ച് ഭൗതികദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. ഏറെക്കാലം വിഎസിന്റെ രണ്ടാം വീടായിരുന്ന ഡിസി ഓഫീസ് പ്രിയ നേതാവിനെ അവസാനമായി സ്വീകരിച്ചു.
4.45ഓടെ ഡിസി ഓഫീസിൽ നിന്ന് വിലാപയാത്ര റിക്രിയേഷൻ മൈതാനത്തേക്കും നീങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരും സാധാരണക്കാരുമടക്കം അവിടെ കാത്തുനിന്നത് പതിനായിരങ്ങളാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎ ബേബി, മന്ത്രിമാർ അടക്കമുള്ള നേതൃനിര അവിടെ പൊതുദർശനത്തിന് നേതൃത്വം നൽകി. ഒടുവിൽ 8.30ഓടെ വലിയ ചുടുകാട്ടിലേക്ക്
21ന് വൈകിട്ട് 3.20നായിരുന്നു വിഎസിന്റെ അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജൂൺ 23ന് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി.
പുന്നപ്ര- വയലാർ സമരനായകനായി, ഏറ്റവും തലമുതിർന്ന കമ്യൂണിസ്‌റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ജ്വലിക്കുന്ന നേതാവാണ് വിഎസ്. അക്ഷരാർഥത്തിൽ സമര കേരളത്തിന്റെ രാഷ്‌ട്രീയ മുഖമായിരുന്നു. അവിഭക്‌ത കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമയാകുന്നത്.
Most Read| ആരാകും അടുത്ത ഉപരാഷ്‌ട്രപതി? ചർച്ചകൾ കൊഴുക്കുന്നു, 26ന് തീരുമാനം ഉണ്ടായേക്കും