കൊച്ചി: വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസിന്റെ അന്വേഷണത്തിലും മറ്റു നടത്തിപ്പിലും വീഴ്ച പറ്റിയതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് മൂലമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോയതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2019 ഒക്ടോബറിലാണ് പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. ഇത് റദ്ദാക്കി കേസില്‍ പുനര്‍ വിചാരണ നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വേണമെങ്കില്‍ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്നും സര്‍ക്കാര്‍ ഹരജിയില്‍ അറിയിച്ചിരുന്നു.
2017 ജനുവരിയിലാണ് വാളയാറില്‍ 13ഉം 9ഉം വയസുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാല്‍സംഘത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 5 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ പ്രദീപ് എന്ന വ്യക്തി കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.
Read Also: കെടി ജലീൽ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ മതഗ്രന്ഥം വിതരണം ചെയ്തതിൽ







































