ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം തമിഴ്നാട് അടച്ചു. പുലർച്ചെ രണ്ടരയോടെയാണ് ബാക്കി എല്ലാം അടച്ചത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകൾ അടച്ചത്.
നിലവിൽ 141.85 അടിയാണ് ജലനിരപ്പ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 3906 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നുവിടുന്നത്. പെരിയാർ കടുവ സങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയാണ് നീരൊഴുക്ക് വൻതോതിൽ കൂടാൻ കാരണമായത്. 112 മില്ലിമീറ്റർ മഴയാണ് ഇന്നലെ അവിടെ ലഭിച്ചത്.
ഈ വര്‍ഷത്തില്‍ ഇത്രയും അളവ് വെള്ളം തുറന്ന് വിടുന്നത് ഇതാദ്യമാണ്. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. ക്യാംപുകൾ ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്ന് രാവിലെ ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടറാണ് 40 സെന്റി മീറ്റർ ഉയർത്തിയത്. 40 മുതൽ 150 ഘനയടി വരെ വെള്ളം ഇതിലൂടെ ഒഴുക്കിവിടും. മൂന്ന് സൈറണുകൾ മുഴക്കിയതിന് ശേഷമാണ് ഡാം തുറന്നത്.
Most Read: നാഗാലാൻഡ് വെടിവെപ്പ്; പാർലമെന്റിൽ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം







































