കൽപ്പറ്റ: മാവോവാദി വേൽമുരുകന് വെടിയേറ്റത് ഏറ്റുമുട്ടലിലാണെന്ന പൊലീസ് വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്നാണെന്ന് സൂചന ലഭിച്ചു. ഇടത് ചെവിയുടെ പിറകിലായി തലയിലും ഇടത് കൈയുടെ പുറകിലും വെടിയേറ്റിട്ടുണ്ട് .
പോലീസിനെ കണ്ടതോടെ തിരിഞ്ഞോടിയ വേൽമുരുകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വെടിയുതിർത്തതെന്ന ആരോപണങ്ങൾ ശക്‌തമാകുകയാണ്. ശരീരത്തിലെ പരിക്കുകളും സംശയം വർധിപ്പിക്കുന്നതാണ്. മൃതദേഹം കിടന്ന സ്‌ഥലത്തെക്കുറിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, വേൽമുരുകൻ കൊല്ലപ്പെട്ട കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്‌പി ബെന്നിക്കാണ് അന്വേഷണച്ചുമതല. അതിനിടെ ഏറ്റുമുട്ടലിലാണ് വേൽമുരുകൻ കൊല്ലപ്പെട്ടതെന്ന പൊലീസ് വാദം ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ബുധനാഴ്‌ച ആവർത്തിച്ചു. തണ്ടർബോൾട്ടിന്റെ മേഖലയിലെ പതിവ് പട്രോളിങിനിടെയാണ് വെടിവെപ്പുണ്ടായത്. ആദ്യം വെടിവെച്ചത് മാവോവാദികളാണ്. സ്വയം രക്ഷാർഥമാണ് പൊലീസ് തിരിച്ച് വെടിവെച്ചതെന്നെന്നും പോലീസ് മേധാവി കൂട്ടിച്ചേർത്തു.
വേൽമുരുകനെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 7 യുഎപിഎ കേസുകളുണ്ട്. തമിഴ്‌നാട്, ഒഡീഷ സംസ്‌ഥാനങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. വെൽമുരുകനെ അറസ്‌റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 2 ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അതേസമയം രക്ഷപെട്ട മറ്റു മാവോവാദികൾക്കായി നക്‌സൽ വിരുദ്ധ സേന പ്രദേശത്ത് തിരച്ചിൽ നടത്തി. സംഭവദിവസം മാദ്ധ്യമപ്രവർത്തകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച പൊലീസ് ബുധനാഴ്‌ച 7 ഫോട്ടോഗ്രാഫർമാർക്ക് സ്‌ഥലത്തേക്ക് പ്രവേശനം നൽകി.
Read also: കോഴിക്കോട് ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 26 ലക്ഷം തട്ടിയ പ്രതികൾ അറസ്‌റ്റിൽ