കോഴിക്കോട് ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 26 ലക്ഷം തട്ടിയ പ്രതികൾ അറസ്‌റ്റിൽ

By Desk Reporter, Malabar News
Pradeepan and Sijulal_Malabar News
അറസ്‌റ്റിലായ പ്രതികൾ
Ajwa Travels

കോഴിക്കോട്: വ്യാജരേഖകളുടെ പിൻബലത്തിലും ആൾമാറാട്ടം നടത്തിയും കോഴിക്കോട് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ 7 വർഷത്തിന് ശേഷം അറസ്‌റ്റിലായി. കടലുണ്ടി സുമതി നിവാസിൽ കെപി പ്രദീപൻ (40), മൊടക്കല്ലൂർ പാലക്കൽ സിജുലാൽ (45) എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ.

പോലീസ് പറയുന്നത് അനുസരിച്ച്; സിജുലാലിന്റെ ബന്ധുവായ ഒരാളുടെ 84 സെന്റ് സ്‌ഥലം 2009ൽ ബാലുശേരിയിലെ കെഡിസി ബാങ്ക് ശാഖയിൽ പണയം വച്ച കാര്യം മറച്ചുവെച്ച്, ആധാരം കാണാനില്ല എന്ന രീതിയിൽ ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ആധാരം പകർത്തി വാങ്ങി. ശേഷം നോട്ടറിയെ സ്വാധീനിച്ച് ഈ ആധാരം അറ്റസ്‌റ്റ്‌ ചെയ്യിപ്പിച്ചു. കൂടാതെ, ആൾമാറാട്ടം നടത്താനാവശ്യമായ വ്യാജ ഐഡി കാർഡ് അടക്കമുള്ള രേഖകൾ നിർമിച്ചു.

ഈ രേഖകളുടെ പിൻബലത്തിൽ, ഇവർ സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കല്ലായ് റോഡ് ശാഖയിൽ നിന്നും 26 ലക്ഷം രൂപ ലോൺ തരപ്പെടുത്തി. 2013ലാണ് കേസിനാസ്‌പദമായ സംഭവങ്ങൾ നടക്കുന്നത്. ഒരു രൂപ പോലും ബാങ്കിലേക്ക് തിരിച്ചടക്കാതെ വന്നപ്പോൾ ബാങ്ക് നടപടികളുമായി മുന്നോട്ടു പോയി. ആ സമയത്താണ് രേഖകൾ വ്യാജമാണെന്നും, സമർപ്പിച്ച ആധാരത്തിലുള്ള സ്‌ഥലം മറ്റൊരു ബാങ്കിൽ പണയത്തിലാണ് എന്നതും ബാങ്ക് മനസിലാക്കുന്നത്‌.

ടൗൺ പോലിസിൽ എട്ടുമാസങ്ങൾക്ക് മുൻപ് ബാങ്ക് പരാതിനൽകി. അതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിജുലാലിനെ കൂത്തുപറമ്പിൽ വെച്ചും പ്രദീപനെ കടലുണ്ടിയിൽ നിന്നും പിടികൂടിയത്. ഇത്രയും കാലം ഇന്ത്യയുടെ വിവിധ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ ഈ അടുത്ത കാലത്താണ് അറസ്‌റ്റ് ചെയ്യപ്പെട്ട സ്‌ഥലങ്ങളിൽ എത്തിച്ചേരുന്നത്.

വിവിധ സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നും ലോൺ വാങ്ങി ധൂർത്തടിച്ച് ജീവിക്കുകയാണ് ഇവരുടെ ഹോബി. സമാനമായ തട്ടിപ്പുകൾ സംഘം രാജ്യത്ത് എവിടെയെങ്കിലും നടത്തിയിട്ടുണ്ടോയെന്നും സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. കോഴിക്കോട് ടൗൺ എസ്എച്ച്ഒ ഉമേഷിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ കെടി ബിജിത്ത്, വിനോദ് കുമാർ , സീനിയർ സിപിഒമാരായ സജേഷ് കുമാർ, സിജി, സിപിഒ അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Most Read: ബിനീഷ് കോടിയേരി; ഇഡി കൊണ്ടുവന്ന രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഒപ്പിടീപ്പിക്കുവാൻ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE