പുൽപ്പള്ളി: തുടർച്ചയായി വളർത്തു മൃഗങ്ങളെ കൊന്നുതിന്നുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്ന കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലും വാക്കേറ്റമുണ്ടായി.
കടുവയെ വെടിവെക്കാൻ നീക്കം നടത്തുന്നില്ലെന്നും ദൗത്യത്തിൽ ഏകോപനമില്ലെന്നും ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെ തിരിഞ്ഞത്. എന്നാൽ, ദൗത്യം നല്ല നിലയിലാണെന്നും ഉദ്യോഗസ്‌ഥരെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും പറഞ്ഞ് സിപിഎം പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇതോടെ ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായി.
പുൽപ്പള്ളിയിൽ കൂട് സ്‌ഥാപിച്ച് വനംവകുപ്പ് ഉദ്യോഗസ്‌ഥർ കാവലിരിക്കുന്നതിനിടെ വീണ്ടും കടുവ എത്തി ആടിനെ കൊന്നുതിന്നിരുന്നു. കടുവാ ഭീതി നിലനിൽക്കുന്നതിനാൽ ഇന്നലെ നാല് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പൊങ്കാലയായതിനാൽ ജില്ലയിൽ അവധിയാണ്. കുട്ടികൾ ഉൾപ്പടെയുള്ളവർ ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നാണ് വനംവകുപ്പിന്റെ നിർദ്ദേശം.
കഴിഞ്ഞ ദിവസം രാത്രിയിൽ കടുവ കൂട്ടിൽ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്. കൂട്ടിൽ കയറാതെ കടുവ ഊട്ടിക്കവലയിൽ എത്തി പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കൊന്നു. പുലർച്ചെ രണ്ടുമണിയോടെ ശബ്‌ദം കേട്ട് ബിജുവിന്റെ അമ്മ മറിയം ജനലിലൂടെ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വീട്ടുകാർ ബഹളം വെച്ചപ്പോൾ കടുവ ആടിനെ ഉപേക്ഷിച്ചു പോയി.
ഒരാഴ്‌ചക്കിടെ നാലാമത്തെ ആടിനെയാണ് കടുവ കൊന്നത്. മിനിഞ്ഞാന്ന് രാത്രിയും കടുവ ആടിനെ കൊന്നിരുന്നു. അതേസമയം, ഊട്ടിക്കവല ഭാഗത്താണ് കടുവയുള്ളതെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ പറഞ്ഞു. തെർമൽ ഡ്രോൺ പരിശോധനയിൽ കടുവയെ കണ്ടുവെന്നും മയക്കുവെടി വെക്കാനുള്ള സാഹചര്യം ഒത്തുവന്നാൽ വെടിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം