കോഴിക്കോട്: നാദാപുരത്ത് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. വിവാഹപാർട്ടിക്ക് പോയ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നാദാപുരം-കല്ലാച്ചി-വളയം റോഡിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. ആക്രമണത്തിൽ അഞ്ചുമാസം പ്രായമായ കുട്ടി ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു.
കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ വളയം ഭാഗത്തുനിന്ന് കല്ലാച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു. ഇത് ചോദ്യം ചെയ്‌തതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആറംഗ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്. ഇവരുടെ കാറിന്റെ ഗ്ളാസ് ഇരുമ്പുവടികൊണ്ട് തല്ലിപ്പൊട്ടിക്കുകയും ചെയ്‌തു.
മർദ്ദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നവർ ആക്രമിച്ചവരെ പിന്തുടർന്ന് തിരിച്ചു ആക്രമിച്ചുവെന്നും പറയുന്നുണ്ട്. ഇതോടെയാണ് സ്‌ഥലത്ത് സംഘർഷമുണ്ടായത്. പരിക്കേറ്റവർ നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവ സ്‌ഥലത്തെത്തിയ പോലീസ് അക്രമം കാട്ടിയവരിൽ ചിലരെ കസ്‌റ്റഡിയിൽ എടുത്തതായാണ് വിവരം.
Most Read| ആദ്യം മുടികൊഴിച്ചിൽ, ഇപ്പോൾ നഖം; അപൂർവ രോഗത്തിൽ ആശങ്കയൊഴിയാതെ ബുൽഡാൻ