ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടി സഖ്യമായ ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ളൂസീവ് അലയൻസ്) നിർണായക യോഗം ഇന്നും നാളെയുമായി മുംബൈയിൽ നടക്കും. വൈകിട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകിട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്ചകൾക്ക് തുടക്കമാകും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള നടപടികൾ സ്വീകരിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ നിർണായക യോഗം ചേരുന്നത്. ഇന്ത്യയുടെ മുംബൈ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഡിസംബറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട.
ഇതിനൊപ്പം തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും, കൺവീനർ സ്ഥാനം ആർക്ക് എന്നതിലും ചർച്ചകൾ ഉണ്ടാകും. പ്രധാനമന്ത്രി സ്ഥാനാർഥിത്വം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനോടകം തന്നെ അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിവിധ പാർട്ടികൾ അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയത്.
Most Read| ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; അന്വേഷണ റിപ്പോർട് നാളെ സമർപ്പിക്കും








































