ന്യൂഡെൽഹി: തർക്കങ്ങൾ തുടരുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നും അമരീന്ദർ സിംഗ് രാജിവച്ച സാഹചര്യത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് 11 മണിക്ക് ചേരും.
ഇന്നലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പഞ്ചാബിലെ നിലവിലുള്ള സാഹചര്യം വിലയിരുത്തിയിരുന്നു. പുലർച്ചെ ഒന്നരക്കാണ് ഈ യോഗം അവസാനിച്ചത്. നിയമസഭാ കക്ഷി യോഗത്തിനു മുമ്പ് മറ്റ് കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും.
പഞ്ചാബ് രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎൽഎമാർ ആംആദ്‌മി പാർടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന എഐസിസി സർവേ ഫലവും അമരീന്ദറിന് തിരിച്ചടിയായിരുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാജി സന്നദ്ധത രാവിലെ തന്നെ അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.
മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും അമരീന്ദർ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായി 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു.
പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്‌തിപ്പെട്ടത്. 117 അംഗങ്ങളുള്ള നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇവരിൽ 78 പേരും സിദ്ദുവിനെ പിന്തുണക്കുന്നുവെന്ന അവകാശ വാദവുമായി നേരത്തെ സിദ്ദു അനുകൂലികൾ രംഗത്തെത്തിയിരുന്നു.
Most Read: പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും