മധുര: ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈന പ്രവേശിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തിനകത്ത് കടന്നിരിക്കുന്നു എന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും രാഹുല്‍ ചോദിച്ചു.
മധുരയിലേക്കുള്ള യാത്രക്കിടെ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ആയിരുന്നു വയനാട് എംപിയുടെ രൂക്ഷ വിമര്‍ശനം. തന്റെ ഏതാനും കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് ഗുണം ചെയ്യുന്നതിനായി കര്‍ഷകരെ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണ് പ്രധാനമന്ത്രിയും കേന്ദ്രവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ചൈന നമ്മുടെ പ്രദേശത്തിനകത്ത് എന്താണ് ചെയ്യുന്നത്? പ്രധാനമന്ത്രിക്ക് ഇതില്‍ ഒന്നും പറയാനില്ലാത്തത് എന്താണ്? ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്തിനകത്ത് കടന്നതിനെ കുറിച്ച് പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്?’ രാഹുല്‍ ഗാന്ധി ചോദിച്ചു.
പുതുതായി നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ കേന്ദ്രം അവഗണിക്കുകയാണ് എന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ അടിച്ചമര്‍ത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുക മാത്രമല്ല, മറിച്ച് അവരുടെ രണ്ട്- മൂന്ന് സുഹൃത്തുക്കള്‍ക്കു പ്രയോജനം ലഭിക്കുവാനായി കര്‍ഷകരെ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണ് ചെയ്യുന്നത്. കര്ഷകന് സ്വന്തമായവ അവരുടെ രണ്ട് മൂന്ന് സുഹൃത്തുക്കള്‍ക്ക് നല്കാന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. കേന്ദ്രത്തിന്റെ കര്‍ഷകരോടുള്ള നിലപാടിനെ അവഗണന എന്നുപോലും വിളിക്കാന്‍ സാധിക്കില്ല’, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മാത്രവുമല്ല നരേന്ദ്രമോദി ജനങ്ങളുടെയാണോ അല്ലാ ഏതാനും ബിസിനസുകാരുടെ മാത്രം പ്രധാനമന്ത്രിയാണോ എന്നും രാഹുല്‍ ചോദിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ജല്ലിക്കെട്ട് വേദിയിൽ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി പ്രതിഷേധം







































