ന്യൂഡെൽഹി: പ്രധാനമന്ത്രിയുടേത് മാത്രമല്ല ഇന്ത്യയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. ഞാൻ വിമർശനം നിർത്തില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോഴിക്കോട് മുക്കത്ത് യുഡിഎഫ് ബഹുജന കൺവെൻഷനും കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിച്ചു സംസാരിക്കുക ആയിരുന്നു രാഹുൽ ഗാന്ധി. ബിജെപി, ആർഎസ്എസ് പോലീസ് എന്നിവരെ ഭയപ്പെടുന്നവർ ഉണ്ടാകാം. എന്നാൽ തനിക്ക് ഭയമില്ല. ഏതറ്റം വരെ പോയാലും ഭയമില്ല. സത്യത്തിൽ വിശ്വസിക്കുന്നതിനാൽ തനിക്ക് ഭയമില്ല. എത്ര കേസുകൾ വന്നാലും പോലീസ് പരിശോധന വന്നാലും സത്യം പറയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റബറിന്റെയും നാളീകേരത്തിന്റെയും വിലയിടിവ് കർഷകരെ ബാധിച്ചു. വന്യമൃഗ ശല്യവും വെല്ലുവിളിയാണ്. കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അവരെ സംരക്ഷിക്കണം. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടും. കർഷകരുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കും. സംസ്‌ഥാന വിഷയത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Most Read: യുവതിക്ക് നേരെ ആക്രമണം; കേസെടുത്ത് വനിതാ കമ്മീഷൻ- പോലീസുകാർക്ക് സസ്‌പെൻഷൻ