തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ നടുറോഡിൽ വെച്ച് 49കാരിയെ അജ്‌ഞാതൻ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ അന്വേഷത്തിൽ വീഴ്‌ച വരുത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. പേട്ട സ്‌റ്റേഷനിലെ രഞ്‌ജിത്ത്, ജയരാജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ 13ന് രാത്രി 11 മണിക്കാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജങ്ഷനിൽ നിന്നും ഒരു അജ്‌ഞാതൻ യുവതിയെ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വണ്ടി തടഞ്ഞു നിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. അക്രമി തലമുടി കുത്തിപ്പിടിച്ചു അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരിക്കേറ്റ യുവതി ചോരയൊലിക്കുന്ന മുഖവുമായി വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു.
മകൾ പേട്ട പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു നടന്ന സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ മറ്റൊരു നടപടിയും പോലീസുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഇതോടെ, പരാതിക്കാരി മക്കൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലെത്തി ചികിൽസ തേടുകയായിരുന്നു. തുടർന്ന്, മൂന്ന് ദിവസത്തിന് ശേഷം യുവതി കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എന്നാൽ, പോലീസുകാർ ആശുപത്രിയിൽ ചികിൽസ തേടിയ യുവതിയുടെ മൊഴി എടുക്കുകയോ ഉന്നത ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയോ ചെയ്‌തില്ല. ഇതോടെയാണ്, പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. അതിനിടെ, സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി സതീദേവി അറിയിച്ചു. യുവതിയുടെ തലയിൽ ഗുരുതരമായ പരിക്കുണ്ട്. പോലീസ് നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. പേട്ട പോലീസിനോട് കമ്മീഷൻ റിപ്പോർട് ആവശ്യപ്പെട്ടുവെന്നും സതീദേവി അറിയിച്ചു.
അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ പിടിയിലായി. വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രൻ ആണ് അറസ്‌റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്കകം സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ പീഡനം ഉണ്ടായത്. ശസ്‌ത്രക്രിയക്ക് ശേഷമുള്ള മയക്കത്തിൽ നിന്ന് പാതി ഉണർന്നിരിക്കവെയാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു.
കൊടും ക്രൂരതയ്‌ക്ക് ശേഷം പ്രതി വിനോദയാത്രയിൽ ആയിരുന്നു. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത വിവരം അറിഞ്ഞു മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കോഴിക്കോട് നഗരത്തിൽ വെച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണർ കെ സുദർശന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ, പരാതിയിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്‌സിംഗ് ഓഫീസർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട് സമർപ്പിക്കാനും ആരോഗ്യമന്ത്രി സമിതിക്ക് നിർദ്ദേശം നൽകി.
Most Read: ‘സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരം’; രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി