മാനന്തവാടി: ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടുന്നത്. വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രെസ് മാത്രം എടുക്കുന്നു’; മോഷ്‌ടിക്കാൻ കയറിയ കടയിൽ നിന്ന് വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നതിന്റെ അമർഷം ഒരു കത്തിലൂടെ അറിയിച്ച ഈ കള്ളനെ ആരും മറക്കാനിടയില്ല. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ കുറിപ്പായിരുന്നു ഇത്. കുന്നംകുളത്തെ കടയിൽ മോഷ്‌ടിക്കാൻ കയറിയ കള്ളനാണ് നിരാശക്കുറിപ്പെഴുതി സ്‌ഥലം വിട്ടത്.
കൈയ്യക്ഷരം പരിശോധിക്കുക അടക്കം നടത്തിയ തിരച്ചിലിനൊടുവിൽ ആളുകൾ കൗതുകത്തോടെ കാത്തിരുന്ന കള്ളൻ വലയിലായിരിക്കുകയാണ്. വയനാട് പുല്ലള്ളി ഇരുളം സ്വദേശി കളിപറമ്പിൽ വിശ്വരാജ് (40) ആണ് കക്ഷി. മാനന്തവാടി പോലീസ് വയനാട് ഗവ.മെഡിക്കൽ കോളേജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കുന്നംകുളത്തെ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. വിവിധ സ്‌ഥാപനങ്ങളിൽ നിന്നായി 13000 രൂപയോളം നഷ്‌ടപ്പെട്ടു. നിരാശക്കുറിപ്പ് എഴുതിവെച്ച് കടന്നുകളഞ്ഞ കള്ളനെ തേടി പോലീസ് അലയുമ്പോഴാണ് സ്വന്തം ജില്ലയിൽ നിന്ന് തന്നെ പിടിയിലായത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ വിശ്വരാജ് കുറ്റം സമ്മതിച്ചു.
വയനാട് ഉൾപ്പടെ കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ 53ഓളം കേസിൽ പ്രതിയാണ് വിശ്വരാജ്. മോഷണത്തിന് ശേഷം ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ദേഹശുദ്ധി നടത്തിയത്. ഇടക്ക് ഡോക്‌ടറെ കണ്ട് പരിശോധന നടത്തുന്നതായിരുന്നു രീതി. കൽപറ്റയിൽ മോഷണം നടത്തിയ ശേഷം ദേഹാസ്വാസ്‌ഥ്യത്തെ തുടർന്നാണ് വെള്ളിയാഴ്‌ച മാനന്തവാടിയിൽ ഇയാൾ ചികിൽസ തേടിയത്. വിവരമറിഞ്ഞ പോലീസ് ആശുപത്രി ജീവനക്കാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് ഒരു രാത്രി മുഴുവൻ വിശ്വരാജിനായി പോലീസ് തിരച്ചിൽ നടത്തി. ശേഷം ഇയാൾ ഗവ.മെഡിക്കൽ കോളേജിലുണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് മഫ്‌തിയിലെത്തി വിശ്വരാജിനെ പിടികൂടുകയുമായിരുന്നു.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ








































