തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം. പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്‌റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു.
പ്രതിഷേധത്തെ തുടർന്ന് അടൂരിൽ ടെസ്‌റ്റ് നടത്താതെ അധികൃതർ തിരിച്ചുപോയി. അതേസമയം, കാസർഗോഡ് മേയ് 24 വരെ ടെസ്‌റ്റുകൾ നിർത്തിവെച്ചു. മലപ്പുറത്ത് ടെസ്‌റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി ഡ്രൈവിങ് സ്‌കൂൾ ഉടമകൾ തടഞ്ഞു. പ്രതിഷേധക്കാർ ഗ്രൗണ്ടിൽ മുദ്രാവാക്യം വിളികളുമായി സമരത്തിലാണ്. തിരുവനന്തപുരം മുട്ടത്തറയിലും ടെസ്‌റ്റ് ഗ്രൗണ്ടിൽ പ്രതിഷേധം ഉണ്ടായി.
അതിനിടെ, പുതിയ സർക്കുലർ ഇറങ്ങാത്തതിനാൽ നിലവിലെ രീതിയിൽ ടെസ്‌റ്റ് തുടരുമെന്ന് എംവിഡി വേണുഗോപാൽ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് പരിഷ്‌ക്കാരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറും. ഡ്രൈവിങ് സ്‌കൂൾ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്നാണ് ഗതാഗതമന്ത്രിയുടെ ആരോപണം.
മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂൾ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നിൽ. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കൊണ്ട് പിൻമാറില്ലെന്നും മന്ത്രി പറഞ്ഞു. ഇവർക്ക് കൂട്ടായി ഉദ്യോഗസ്‌ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്‌ഥർ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആർടി ഓഫീസിൽ നടന്നത് മൂന്ന് കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുത്തു. വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി








































