കോഴിക്കോട്: ജില്ലയിൽ മഴ വീണ്ടും കനക്കും. ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴക്കെടുതിയെ തുടർന്ന് ഇന്നലെ ജില്ലയിലെ നാല് വീടുകൾ ഭാഗികമായി തകർന്നിരുന്നു.
അതേസമയം, 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. ന്യൂനമർദ്ദ പാത്തിയും ഒഡിഷ തീരത്തെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണം. വടക്കൻ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
വയനാട്ടിലെയും കാസർഗോട്ടെയും എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ 22 കുടുംബങ്ങളിലെ 75 പേരെയും കാസർഗോട്ട് 18 കുടുംബങ്ങളിലെ 77 പേരെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’








































