എടക്കര : കഴിഞ്ഞ 2 മാസക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കൊലയാളി കൊമ്പനെ വനംവകുപ്പ് പിടികൂടി. ചേരമ്പാടി വനത്തിൽ വച്ച് ഇന്നലെ വൈകിട്ടോടെ തമിഴ്നാട് വനംവകുപ്പാണ് കൊമ്പനെ പിടികൂടിയത്. കൊലയാളി കൊമ്പനെ പിടികൂടാൻ അനുയോജ്യമായ സ്ഥലത്തെത്തിയ സംഘം രണ്ട് തവണ മയക്കുവെടി വെക്കുകയായിരുന്നു. അതിന് ശേഷമാണ് കൊമ്പനെ വനംവകുപ്പ് പിടികൂടിയത്.
നിലവിൽ പിടികൂടിയ കൊമ്പനെ മുതുമല ആന ക്യാമ്പിൽ തയാറാക്കിയ ആനപ്പന്തിയിലേക്ക് എത്തിക്കാനുള്ള ശ്രമം കുങ്കിയാനകളെ ഉപയോഗിച്ച് നടത്തുകയാണ്. കൊമ്പനെ പിടികൂടുന്നതിനായി 1 മാസം മുൻപ് മയക്കുവെടി വച്ചെങ്കിലും അന്ന് മറ്റ് കാട്ടാനകളോടൊപ്പം ഉൾക്കാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ 10 ദിവസങ്ങൾക്ക് മുൻപാണ് ചേരമ്പാടിയിൽ തിരിച്ചെത്തിയത്. ചേരങ്കോട്ട് 3 പേരെ കൊന്ന കൊമ്പൻ തിരിച്ചെത്തിയതോടെ നാട്ടുകാർ ആകെ പരിഭ്രാന്തരായിരുന്നു. തുടർന്നാണ് ഇപ്പോൾ കൊലയാളി കൊമ്പൻ വനംവകുപ്പിന്റെ പിടിയിലായത്.
ഡിഎഫ്ഒ ഓംകാരം, വനം വെറ്റിനറി സർജൻമാരായ ഡോക്ടർ അശോകൻ, ഡോക്ടർ വിജയരാഘവൻ, ഡോക്ടർ രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കൊമ്പനെ പിടികൂടാനായി പ്രവർത്തിച്ചിരുന്നത്. ഇവർ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് കൊമ്പൻ പിടിയിലായത്.
Read also : ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ







































