ഡെൽഹി: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കളത്തിലുള്ള എന്‍ഡിഎക്കും എക്‌സിറ്റ് പോളുകളില്‍ വിശ്വാസര്‍പ്പിച്ച് കാത്തിരിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള മഹാസഖ്യത്തിനും ഇന്ന് വിധിദിനമാണ്.
എന്‍ഡിഎ എക്‌സിറ്റ് പോളുകളെ പരിഗണിക്കാതെ മന്ത്രിസഭാ രൂപീകരണവും ആരൊക്കെ ഏതൊക്കെ വകുപ്പുകളിൽ തുടങ്ങിയ ചർച്ചകളുമായി മുന്നേറുമ്പോൾ രണ്‍ദീപ് സിങ് സുര്‍ജെവാലയെയും അവിനാശ് പാണ്ഡെയെയും ബീഹാറിലേക്ക് അയച്ചുകൊണ്ട് എക്‌സിറ്റ് പോളുകളിലെ വിശ്വാസം കോൺഗ്രസ് പ്രകടമാക്കുകയാണ്.
ഇപ്പോൾ മുഖ്യമന്ത്രിയും ജെഡിയു നേതാവും കൂടിയായ നിതീഷ് കുമാറിന്റെ ഒന്നര പതിറ്റാണ്ടത്തെ അധികാരവാഴ്‌ച ഭരണവിരുദ്ധ വികാരത്തിൽ തകർന്നടിയും എന്ന വിശ്വാസം ആർജെഡി നയിക്കുന്ന, കോൺഗ്രസ് ഉൾപ്പടെയുള്ള മഹാസഖ്യം വച്ച് പുലർത്തുമ്പോൾ തന്നെ വലിയ ആശങ്കയും അവരെ ഗ്രസിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശും കര്‍ണാടകയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും മഹാസഖ്യത്തിനെ അലട്ടുന്നത്. ഈ രണ്ടു സംസ്‌ഥാനങ്ങളിലും ബിജെപി ഗവർണർമ്മാരെ ഉപയോഗിച്ച് നടത്തിയ രാഷ്‌ട്രീയകളികൾ ഇത്തവണയും പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
അതായത് സഖ്യത്തിലുള്ള സ്‌ഥാനാർഥികൾ കളം മാറാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയുന്നതല്ല. വിശേഷിച്ചും, ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ പ്രലോഭനങ്ങളുടെ ഒഴുക്കിൽ സ്‌ഥാനാർഥികൾ കളം മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ചതി സംഭവിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എങ്കിലും ആശങ്കയൊഴിയുന്നില്ല.
സ്വതന്ത്ര നിരീക്ഷകരുടെ അഭിപ്രായത്തിൽ, ബീഹാറിലെ ഫലം പ്രവചനാതീതമാണ്. പോളിംഗ് ശതമാനം 58%ന് മുകളിൽ പോകാത്തത് ചോദ്യമുയര്‍ത്തുന്നു. ആദ്യഘട്ടത്തില്‍ 55%വും രണ്ടാം ഘട്ടത്തില്‍ 53%വും അവസാനഘട്ടത്തിൽ 57.91%വും പോളിംഗാണ് ആകെ രേഖപ്പെടുത്തിയത്.
ഇത് വിരൽ ചൂണ്ടുന്നത് തൂക്കുസഭക്കുള്ള സാധ്യതകളും കേവല ഭൂരിപക്ഷം മാത്രമാകുന്ന സാധ്യതകളും തുടർന്നുള്ള ആട്ടിമറികളുമാണ്. നിതീഷ് നയിക്കുന്ന എൻ.ഡി.എ സഖ്യം തോൽക്കേണ്ടി വന്നാലത് ബിജെപിക്ക് ദേശീയ രാഷ്‌ട്രീയത്തിൽ ഉണ്ടാക്കുന്ന നഷ്‌ടം വളരെ വലുതായിരിക്കും. അത് കൊണ്ട് തന്നെ അധികാരത്തിലെത്താൻ ബിജെപി ഏതറ്റം വരെയും പോകുമെന്നാണ് സ്വതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നത്.
243 സീറ്റാണ് നിയമസഭയിലുള്ളത്. ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റാണ്. നിതീഷ് കുമാറിന്റെ ജെഡിയുവും ബി.ജെ.പിയും ചേർന്ന എൻ.ഡി.എ നാലാം വട്ടവും നിതീഷിനെ മുഖ്യമന്ത്രി ആക്കുമോ, അല്ലെങ്കിൽ മാറ്റത്തിന് വോട്ട് ചോദിച്ച, ആർ ജെ ഡി നേതൃത്വം നൽകുന്ന കോൺഗ്രസ് ഉൾപ്പടെയുള്ള യുവാവായ തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം ഭരണത്തിലെത്തുമോ? അതോ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും നിതീഷ്‌കുമാറിനെ ഒതുക്കിയ ശേഷം, ചാക്കിട്ട് പിടിക്കലിലൂടെ പുതിയ നേതൃത്വത്തെ ബിജെപി കൊണ്ടുവരുമോ ? അറിയാൻ കുറച്ചു മണിക്കൂറുകൾ കൂടി കാത്തിരിക്കണം.
Most Read: മാദ്ധ്യമ വിചാരണ; റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനും നോട്ടീസയച്ച് ഡെല്‍ഹി ഹൈക്കോടതി