ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഡോൾഫ് ഹിറ്റ്ലറെപ്പോലെയാണ് പെരുമാറുന്നതെന്നും ജർമൻ ഏകാധിപതിയുടെ പാത പിന്തുടരുകയാണെങ്കിൽ ഹിറ്റ്ലറെപ്പോലെ മരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായ് തിങ്കളാഴ്ച പറഞ്ഞു. ഡെൽഹി ജന്തർ മന്തറിൽ നടക്കുന്ന കോൺഗ്രസ് സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊള്ളക്കാരുടെ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കൊള്ളക്കാരുടെ സർക്കാരാണെന്നും റിംഗ് മാസ്റ്ററെ പോലെയാണ് മോദി പെരുമാറുന്നതെന്നും ഏകാധിപതിയുടെ വേഷമാണ് മോദി സ്വീകരിച്ചിരിക്കുന്നതെന്നും സുബോധ് കാന്ത് സഹായ് പറഞ്ഞു.
“ഹിറ്റ്ലറെ പോലും മോദി മറികടന്നതായി എനിക്ക് തോന്നുന്നു, സൈന്യത്തിനുള്ളിൽ നിന്ന് ‘കാക്കി’ എന്ന സംഘടന ഹിറ്റ്ലർ സൃഷ്ടിച്ചിരുന്നു. ഓർക്കുക, മോദി ഹിറ്റ്ലറുടെ പാത പിന്തുടരുകയാണെങ്കിൽ, ഹിറ്റ്ലറെപ്പോലെ മരിക്കും,” അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് തുടർച്ചയായി പോരാടുമെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. എന്നാൽ പ്രധാനമന്ത്രിക്കെതിരായ അസഭ്യമായ പരാമർശം നടത്തുന്നതിനെ അംഗീകരിക്കുന്നില്ല. ഗാന്ധിയൻ തത്വങ്ങൾക്കനുസൃതമായി പാർട്ടിയുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: മുസ്ലിം പെൺകുട്ടികൾക്ക് 16ആം വയസിൽ വിവാഹം കഴിക്കാം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി






































