തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ ഇപ്പോൾ ഒരേസമയം ചികിൽസയിൽ ഉള്ളവരുടെ എണ്ണം 60,000ത്തിൽ താഴെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്‌ടോബർ അവസാനം വരെ ഒരു ലക്ഷത്തിനടുത്ത് സജീവ കോവിഡ് കേസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഏകദേശം 40 ശതമാനത്തോളം രോഗികളുടെ എണ്ണം കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെറിയ തോതിൽ രോഗികളുടെ എണ്ണം കുറയുകയാണ്. തിരഞ്ഞെടുപ്പ് മൂലം കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടോ എന്നറിയാൻ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയിൽ വീഴ്‌ച വരുത്തിയാൽ സ്‌ഥിതിഗതികൾ മോശമായേക്കാം. സാധാരണ ഗതിയിൽ കോവിഡ് രോഗബാധിതരായതിന് ശേഷവും ചിലർ ശാരീരിക അസ്വസ്‌ഥതകൾ കാണിക്കാൻ സാധ്യതകളുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും പത്തിൽ താഴെയായിട്ടുണ്ട്. അതേസമയം മരണനിരക്കിൽ വർധന കാണിക്കുന്നുണ്ട്. ഇപ്പോൾ ഏകദേശം മുപ്പതോളം മരണങ്ങളാണ് ഒരു ദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.
Read also: കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളുമായി ഇന്ത്യ