ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമവാദം പൂർത്തിയായി രണ്ടു മാസത്തിന് ശേഷമാണ് വിധി പറയുന്നത്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബെഞ്ചാണ് ഹരജിയിൽ വിധി പറയുക.
അപ്പീൽ അംഗീകരിച്ചു കോടതി വിധിക്ക് സ്റ്റേ നൽകിയാൽ രാഹുലിന് നഷ്ടപ്പെട്ട എംപി സ്ഥാനം തിരികെ ലഭിക്കും. എന്നാൽ, വിധി എതിരായാൽ വീണ്ടും മേൽക്കോടതിയെ സമീപിക്കേണ്ടി വരും. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട കോടതി, വേനലവധിക്ക് ശേഷം വിധി പറയാമെന്ന് വ്യക്തമാക്കുകയായിരുന്നു. കേസിൽ ഇടക്കാല ആശ്വാസം അനുവദിക്കാൻ ആകില്ലെന്നും കോടതി അറിയിച്ചിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദിയെന്ന് ഉള്ളത് എന്തുകൊണ്ടാണെന്ന് രാഹുൽ പരിഹസിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹരജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
Most Read: എൻസിപി അധ്യക്ഷൻ ശരത് പവാർ തന്നെ; അജിത് പവാറടക്കമുള്ള നേതാക്കളെ പുറത്താക്കി








































