കോഴിക്കോട്: കോവിഡ് ജാഗ്രത കൈവിട്ടതോടെ ബാലുശ്ശേരി പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ ബാലുശ്ശേരി പഞ്ചായത്ത് മുഴുവനായി അടച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി ഉള്ളതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. നിർമാണ മേഖല, തൊഴിലുറപ്പ് ജോലികൾ, തുണിക്കടകൾ ഉൾപ്പെടെ എല്ലാ മേഖലയെയും അടച്ചിടൽ ബാധിക്കും.
ബാലുശ്ശേരി പഞ്ചായത്തിൽ ഇന്നലെ 117 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്തത്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സമയത്ത് പഞ്ചായത്തിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ രണ്ടാഴ്ച കൊണ്ട് അത് 15 ശതമാനത്തിന് മുകളിൽ എത്തിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
മറ്റ് പ്രദേശങ്ങളിൽ നിന്ന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ബാലുശ്ശേരിയിൽ എത്തിയതാണ് രോഗവ്യാപനം കൂടാൻ കാരണമായത്. ഇളവുകൾ പ്രഖ്യാപിച്ചതോടെ ആളുകൾ ജാഗ്രത കൈവിട്ടതാണ് രോഗ വ്യാപനം കൂടാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ബാലുശ്ശേരി ടൗണിൽ പോലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് പോലീസ് അറിയിച്ചു.
Read Also: രോഗവ്യാപനം കൂടുതൽ; മുള്ളൻകൊല്ലി അടച്ചു







































