തിരുവനന്തപുരം: ശാസ്‌തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്‌ത്രീ അറസ്‌റ്റില്‍. ശാസ്‌തമംഗലം സ്വദേശി മീനയെയാണ് മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. കേസില്‍ മ്യൂസിയം പോലീസ് പ്രതിയെ വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഐപിസി 321, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ആക്രമിച്ച് പരിക്കേല്‍പിച്ചതിനും ചെരുപ്പുകൊണ്ട് അടിച്ചതുകൊണ്ട് മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പിച്ചതിനുമാണ് കേസ്. മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ശാസ്‌തമംഗലത്ത് യുവതിയെ മകളുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. പിങ്ക് പോലീസ് എത്തി മര്‍ദ്ദിച്ച സ്‌ത്രീയേയും മര്‍ദ്ദനമേറ്റ യുവതിയേയും മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.
എന്നാല്‍ മര്‍ദ്ദിച്ച സ്ത്രീയുടെ പേര് എഫ്ഐആറില്‍ ഉണ്ടായിരുന്നില്ല. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.
Most Read: ജോ ജോസഫിനെതിരെ വ്യാജ വീഡിയോ; മൂന്നുപേര്‍ കൂടി കസ്‌റ്റഡിയില്‍








































