കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവത്തിൽ വരനെ ഉൾപ്പടെ ചോദ്യം ചെയ്യും. തലേദിവസം വരെ യുവതിക്ക് വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
നിലവിൽ യുവതിയുടെ മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെങ്കിലും അന്വേഷണം നടക്കുകയാണെന്ന് ചേവായൂർ പോലീസ് അറിയിച്ചു. അതേസമയം, അന്വേഷണത്തിനിടെ യുവതിയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാൻ കഴിയില്ല’ എന്നാണ് യുവതി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വരനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
വരനിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയാണ് ലക്ഷ്യം. ഇരുവരും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. വീട്ടുകാരുടെ പൂർണസമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചിരുന്നത്. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. ഇന്നലെ പുലർച്ചെ മുറിയിലെ ബാത്റൂമിലാണ് യുവതി തൂങ്ങിയത്. സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി വിവാഹം നടക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു.
രാവിലെ മണ്ഡപത്തിൽ വിവാഹത്തിനുള്ള അലങ്കാരങ്ങൾ നടന്നു കൊണ്ടിരിക്കെയായിരുന്ന സംഭവം. രാവിലെ ബ്യൂട്ടീഷൻ എത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയിൽ കയറി വാതിലടച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും വരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് യുവതിയെ കുളിമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Most Read: ലോകായുക്തക്ക് കൂച്ചുവിലങ്ങ്; ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ








































