തിരുവനന്തപുരം: മരംമുറി വിവാദത്തിൽ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. റവന്യൂ വകുപ്പ് നല്ല ഉദ്ദേശത്തോടെ പുറത്തിറക്കിയ ഉത്തരവ് ഉദ്യോഗസ്‌ഥർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വനം മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെ ആയിരുന്നു. കർഷകരെ സഹായിക്കാനാണ് അന്ന് നിലപാടെടുത്തത്. പക്ഷേ ഉത്തരവ് ഉദ്യോഗസ്‌ഥർ ദുരുപയോഗം ചെയ്‌തു. ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. പ്രാഥമികമായ ചില നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
2020 ഒക്‌ടോബറില്‍ മരംമുറിക്കാൻ അനുവാദം നൽകി റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ പുറത്തുവന്നിരുന്നു. 2020 ഒക്‌ടോബർ അഞ്ചിന് ചന്ദ്രശേഖരൻ നൽകിയ കുറിപ്പാണ് പുറത്തുവന്നത്. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന ഉദ്യോഗസ്‌ഥരുടെ മുന്നറിയിപ്പ് പോലും അവഗണിച്ച് കൊണ്ടാണ് ഉത്തരവ് ഇറക്കിയത്.
കുട്ടമ്പുഴ വനമേഖലയിലെ കർഷകർ അവർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ 2019 ജൂൺ 27ന് വനംമന്ത്രി ഒരു യോഗം വിളിക്കുകയുണ്ടായി. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് അന്ന് എതിരായിരുന്നില്ല. എന്നാൽ, ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയില്ല. അത് സംസ്‌ഥാന സർക്കാരിൽ നിക്ഷിപ്‌തമാണെന്ന നിലപാട് ആയിരുന്നു വനംവകുപ്പിന്റേത്. തുടർന്ന് റവന്യൂ വകുപ്പിന്റെ അഭിപ്രായം തേടി.
2019 സെപ്‌റ്റംബറിൽ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും വനംവകുപ്പ് രാജകീയ മരങ്ങൾ മുറിക്കാൻ സാധിക്കില്ലെന്ന നിലപാട് ആവർത്തിച്ചു. തുടർന്ന് പ്രസ്‌തുത യോഗത്തിൽ തന്നെയാണ് പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്.
രാജകീയ മരങ്ങൾ മുറിക്കാനാകില്ലെന്ന നിയമവ്യവസ്‌ഥ മറികടന്നാണ് ഉത്തരവിറക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഉത്തരവിൽ മരങ്ങൾ മുറിക്കുന്നതിന് ആരുടേയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും മരംമുറി തടയുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു.
Most Read: ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ല; ഫഡ്‌നാവിസ്







































