കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ മരംമുറിയിൽ വലിയ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. റോഡ് വികസനത്തിന്റെ മറവിൽ അനുമതിയില്ലാതെ തേക്കടക്കമുള്ള 5 മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരം മുറിക്കാനാനുള്ള അനുമതിക്കായി നൽകിയ ക്വട്ടേഷനിലും കൃത്രിമം കാണിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി റിപ്പോർട് വിജിലൻസ് ഡയറക്‌ടർക്ക് സമർപ്പിച്ചു.
ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിനായി പഴയ അലൈൻമെന്റ് പ്രകാരം മുറിക്കേണ്ട അഞ്ചു മരങ്ങളുടെ ലിസ്‌റ്റാണ് ആശുപത്രി സൂപ്രണ്ട് കാസർഗോഡ് മുനിസിപ്പാലിറ്റിക്ക് നൽകിയത്. എന്നാൽ പുതിയ അലൈൻമെന്റ് പ്രകാരം മുറിക്കേണ്ട മരങ്ങളുടെ എണ്ണം ഒന്നാക്കി ചുരുക്കിയിരുന്നു. എന്നാൽ, ഈ വിവരം മറച്ചുവെച്ച് കരാറുകാരൻ 5 മരങ്ങൾ മുറിച്ചു. അതോടൊപ്പം ക്വട്ടേഷൻ നൽകിയതിലും വിജിലൻസ് ക്രമക്കേട് കണ്ടെത്തി.
ഒരേ കൈയക്ഷരത്തിൽ മൂന്ന് ക്വട്ടേഷനുകളാണ് നഗരസഭക്ക് സമർപ്പിച്ചിരുന്നത്. ഇതും വൻ ക്രമക്കേടാണെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. വില നിശ്‌ചയിക്കാനുള്ള ഉത്തരവാദിത്വം സാമൂഹിക വനവൽക്കരണത്തിനായിരിക്കെ അത് മറച്ചുവെച്ചുകൊണ്ട് മുറിച്ച മരം കടത്തുകയും ചെയ്‌തു. നഗരസഭയുടേതായി മൂന്ന് തെറ്റുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
1. ഒരേ കൈയക്ഷരത്തിലുള്ള മൂന്ന് ക്വട്ടേഷനുകൾ തള്ളിക്കളയാതെ സ്വീകരിച്ചു. 2. ക്വട്ടേഷൻ നൽകിയതിൽ നടപടിക്രമങ്ങൾ പാലിച്ചില്ല. 3. അനധികൃതമായി മരം മുറിക്കുന്നത് അറിഞ്ഞിട്ടും തടസപ്പെടുത്തിയില്ല. അതേസമയം, കേസ് രജിസ്‌റ്റർ ചെയ്‌ത കാസർഗോഡ് ടൗൺ പോലീസ് മുറിച്ച മരങ്ങൾ കണ്ടെത്തിയിരുന്നു. കരാറുകാരൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം.
Most Read: 2022 പാരാലിമ്പിക്‌സ്; റഷ്യക്കും ബെലാറസിലും വിലക്ക് ഏർപ്പെടുത്തി