ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കാൻ തീരുമാനിച്ച് ഡെൽഹി. പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് ദുരന്ത നിവാരണ സമിതിയാണ് ഈ നിബന്ധന മുന്നോട്ട് വച്ചത്. ഇതോടെ ഡെൽഹിയിലെ അടിയന്തര ആവശ്യങ്ങൾക്കുള്ള ഓഫീസുകൾ ഒഴികെയുള്ളവ വർക്ക് ഫ്രം ഹോമായി പ്രവർത്തിക്കും.
നിലവിൽ പകുതി ജീവനക്കാർ ഓഫീസിലും, പകുതി ജീവനക്കാർ വീട്ടിലുമായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ എല്ലാ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം നിർദ്ദേശിക്കുകയാണ് അധികൃതർ. കൂടാതെ ഇന്നലെ മുതൽ സംസ്ഥാനത്ത് റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ ടേക്ക്എവേ, ഹോം ഡെലിവറി എന്നിവ മാത്രമായിരിക്കും ഉണ്ടാകുക.
ഡെൽഹിയിൽ നിലവിൽ കോവിഡ് സാഹചര്യം രൂക്ഷമാകുകയാണ്. നാലിൽ ഒരാൾക്ക് രോഗബാധ ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
Read also: കണ്ണൂരിൽ കനത്ത ജാഗ്രത; കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി







































