തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനക്ക് അനുസരിച്ചു തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈഎസ്പി റസ്റ്റം പ്രവർത്തിച്ചെന്നാണ് സുധാകരന്റെ പരാതി. ഡിവൈഎസ്പിക്കെതിരെ ലോക്സഭാ സ്പീക്കർ, പാർലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ളെയിന്റ് അതോറിറ്റി എന്നിവർക്കാണ് പരാതി നൽകിയത്.
എംപിയായ തന്നെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തന്നെ പ്രതിചേർത്തുള്ള കള്ളക്കേസെന്ന് പരാതിയിൽ പറയുന്നു. പുരാവസ്തു തട്ടിപ്പുക്കേസിലെ പ്രതിയും പോക്സോ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത മോൻസൺ മാവുങ്കൽ വിയ്യൂർ സൂപ്രണ്ട് മുഖാന്തിരം എറണാകുളം പോക്സോ സെക്ഷൻ കോടതിയിൽ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
മോൻസൺ മാവുങ്കലിനെ പോക്സോ കോടതി ശിക്ഷിച്ച ജൂൺ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോൻസൺ മാവുങ്കലിനെ കൊണ്ടുപോയത്. മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യം ഉള്ളതിനാലാണ് തന്റെ വാഹനത്തിൽ കൊണ്ടുപോകുന്നതെന്നാണ് റസ്റ്റം ജയിൽ എസ്കോർട്ട് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
യാത്രാമധ്യേ ഡിവൈഎസ്പി അദ്ദേഹത്തിന്റെ ഓഫീസിൽ മോൻസൺ മാവുങ്കലിന് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ, വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാർ അത് നിരസിക്കുകയും ഹോട്ടലിൽ നിന്നും കഴിക്കാനുള്ള പണം ജയിലിൽ നിന്ന് നൽകിയതായി ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകരുടെ കാര്യം ഓർമിപ്പിച്ചു ഡിവൈഎസ്പി വീണ്ടും നിർബന്ധിച്ചതായും മോൻസൺ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അത് നടക്കാതെ വന്നപ്പോൾ കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പെട്രോൾ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ആരോടോ ഫോണിൽ സംസാരിച്ച ശേഷം തിരികെ വന്ന ഡിവൈഎസ്പി, തനിക്കെതിരെ രണ്ടു മൊഴികൾ എഴുതി നൽകണമെന്ന് ഭീഷണിപ്പെടുത്തി. മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിച്ച സമയത്ത് താൻ അവിടെ ഉണ്ടായിരുന്നതായും, അനൂപ് 25 ലക്ഷം രൂപ മോൻസൺ മാവുങ്കലിന് നൽകിയത് താൻ പറഞ്ഞിട്ടാണെന്ന് മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു.
അതിന് വിസമ്മതിച്ച മോൻസനെയും അയാളുടെ കുടുംബത്തെയും അധിക്ഷേപിക്കുകയും തോക്കു ചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയിൽ വാങ്ങി പ്രതികാരം തീർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എസ്കോർട്ട് വന്ന പോലീസുകാർ സാക്ഷികളാണ്. ജനപ്രതിനിധി കൂടിയായ തനിക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാർക്ക് എന്ത് നീതിയാണ് ലഭിക്കുന്നതെന്നും കെ സുധാകരൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Most Read: മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം നീട്ടി- സ്കൂളുകൾ അടച്ചു