കണ്ണൂർ: ഡെങ്കിപ്പനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും റിപ്പോർട് ചെയ്‌തു. കേരളത്തിലും ഡെങ്കിപ്പനി ആശങ്കയായി തുടരുന്നുണ്ട്.
ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങൾ ഡെങ്കി ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. തുടർച്ചയായി രണ്ടാം വർഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കം കെടുത്തുന്ന പശ്‌ചാത്തലത്തിൽ ഡബ്‌ളൂഎച്ച്ഒയുടെ മുന്നറിയിപ്പിന് ഗൗരവമേറെയാണ്.
രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന സംസ്‌ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 17,246 കേസുകൾ സ്‌ഥിരീകരിച്ചു. സംശയാസ്‌പദമായാ 46,740 കേസുകളും ഉണ്ട്. 2023ൽ സ്‌ഥിരീകരിച്ച 16, 596 കേസുകളും 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷം 60 ഡെങ്കിപ്പനി മരണങ്ങൾ സ്‌ഥിരീകരിച്ചു. ഡെങ്കിപ്പനി മൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു.
കാലാവസ്‌ഥാ വ്യതിയാനം, നഗരവൽകരണം, യാത്രകളിലെ വർധന എന്നിവ രോഗം കൂടാൻ ഇടയാക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകിൽ വൈറസ് വിഭജനത്തിനും വേഗം കൂടുന്നു.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ജനുസിലെ ഈജിപ്‌തി, അൽബോപിക്‌ട്‍സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ലക്ഷണങ്ങൾ
- പെട്ടെന്നുള്ള കഠിനമായ പനി
- അസഹ്യമായ തലവേദന
- നേത്രഗോളങ്ങളുടെ പിന്നിലെ വേദന
- സന്ധികളിലും മാംസപേശികളിലും വേദന
- വിശപ്പില്ലായ്‌മ, രുചിയില്ലായ്‌മ
- മനംപുരട്ടലും ഛർദിയും
‘എല്ലു നുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ‘ബ്രേക്ക് ബോൺ ഫീവർ’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്‌തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു ‘സാഡിൽ ബാഗ് സിൻഡ്രോം’ എന്നും പേരുണ്ട്.
രണ്ടാമതും വന്നാൽ ഗുരുതരമാവാം
ഡെങ്കിപ്പനിയിൽ 95 ശതമാനം പേരും ഗുരുതരാവസ്‌ഥയിൽ എത്തില്ല. ഭൂരിഭാഗം പേരിലും നിസ്സാര ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകും. ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാല് സീറോ ടൈപ്പിൽപ്പെട്ടതുണ്ട്. നേരത്തെ, ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസിൽപ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാൽ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ചു രോഗം സങ്കീർണമാവും.
പ്രതീക്ഷ വാക്‌സിനിൽ
മറ്റൊരു ജനുസിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ തീവ്രമായ പ്രതിപ്രവർത്തനം സംഭവിക്കുന്നു എന്നതാണ് വാക്‌സിൻ വികസിപ്പിക്കാൻ തടസം. നിലവിൽ ആഗോളതലത്തിൽ ഡെങ്കിപ്പനിക്കെതിരെ രണ്ടു വാക്‌സിനുകളുണ്ട്. ഇന്ത്യയിൽ ഇതിന് അനുമതി നൽകിയിട്ടില്ല.
ഐസിഎംആർ സഹകരണത്തോടെ പനേസിയ ബയോടെക് വികസിപ്പിച്ച വാക്‌സിൻ പ്രതീക്ഷ നൽകുന്നുണ്ട്. ഇതിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ ട്രയൽ കഴിഞ്ഞമാസം ആരംഭിച്ചിട്ടുണ്ട്. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിനും പരീക്ഷയാണ് ഘട്ടത്തിലാണ്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും