കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ജാർഖണ്ഡിൽ പ്രവേശിച്ചു. ഒഡീഷയിലും പശ്‌ചിമ ബംഗാളിലും വൻതോതിൽ നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ച ശേഷമാണ് ചുഴലിക്കാറ്റ് ജാർഖണ്ഡിൽ പ്രവേശിച്ചത്. ജാർഖണ്ഡിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് കാറ്റിന്റെ ശക്‌തി കുറഞ്ഞ് ദുർബലമായ ന്യൂനമർദ്ദമായി മാറി.
ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ 3 പേരും പശ്‌ചിമ ബംഗാളിൽ ഒരാളും മരിച്ചു. സംസ്‌ഥാനത്തെ ഒരുകോടിയോളം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
ബംഗാളിൽ മൂന്ന് ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 50ഓളം തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ബംഗാളിലും ഒഡീഷയിലുമായി 3 ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറി. ഇവിടങ്ങളിൽ റോഡ്, വൈദ്യുതി ബന്ധം എന്നിവ പുനസ്‌ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഒഡീഷയിൽ ചുഴലിക്കാറ്റ് ബാധിച്ച 128 ഗ്രാമങ്ങളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒരാഴ്‌ചക്കകം പൂർത്തിയാകുമെന്നും റോഡ്, വൈദ്യുതി ബന്ധം എന്നിവ 24 മണിക്കൂറിനകം പുനസ്‌ഥാപിക്കുമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു. അതേസമയം, ചുഴലിക്കാറ്റ് ദുർബലമായെങ്കിലും ഒഡീഷ, പശ്‌ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഒറ്റപ്പെട്ട കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത്; ജെഎസ്‌എസ്








































