തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്തിരുന്നു എന്ന് മുസ്ലിം ലീഗ് പ്രവർത്തകൻ യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ. മീഡിയാവൺ ചാനലിന്റെ ചർച്ചയിൽ ആയിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. മന്ത്രിയുടെ വാട്സ് ആപ്പാണ് മുസ്ലിം ലീഗ് ഐടി സെൽ ഹാക്ക് ചെയ്തതെന്നും നിയമവിരുദ്ധമായ കാര്യമാണ് ചെയ്തതെന്ന് അറിയാമെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ യാസിർ എടപ്പാളിനെതിരെ മന്ത്രി കെ ടി ജലീൽ ഡിജിപിക്ക് പരാതി നൽകും. യൂട്യൂബ് വഴിയുള്ള അപകീർത്തിപ്പെടുത്തലിനും ഫോൺ ഹാക്ക് ചെയ്തതിനുമാണ് പരാതി നൽകുക.
മറ്റൊരു ചാനലിനോടും പറയാത്ത കാര്യം വെളിപ്പെടുത്തുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് ജലീലിന്റെ ഫോൺ ചോർത്തിയ കാര്യം ഇയാൾ ചാനൽ ചർച്ചയിൽ പറഞ്ഞത്. ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപ് തങ്ങളുടെ ഐടി സെൽ ജലീലിന്റെ ഫോൺ ഹാക്ക് ചെയ്യുകയും അതിൽ നിന്ന് കെഎംസിസിഎ അപകീർത്തിപ്പെടുത്തുന്ന വോയ്സ് ക്ളിപ്പുകൾ താൻ ലീക്ക് ചെയ്യുകയും പബ്ലിക്കാക്കുകയും ചെയ്തതായും ഇയാൾ വെളിപ്പെടുത്തി.
മന്ത്രിക്കെതിരെ ആരോപണവുമായി യാസിർ നേരത്തെ രംഗത്ത് എത്തിയിരുന്നു. മന്ത്രി അധികാരം ദുർവിനിയോഗം ചെയ്ത് വീട്ടിൽ റെയ്ഡ് നടത്തിച്ചെന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാൻ കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും ആയിരുന്നു യാസിറിന്റെ ആരോപണം. മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാൻ ജലീൽ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ മൊഴിക്ക് പിന്നാലെയാണ് യാസിർ ആരോപണമുന്നയിച്ചത്.
Also Read: സ്വപ്നയെ കൂട്ടുപിടിച്ച് മകനെ ഇല്ലാതാക്കാന്‍ ജലീല്‍ ശ്രമിച്ചു; എടപ്പാളിലെ യാസിറിന്റെ പിതാവ്
എന്നാൽ, നിരവധി കേസുകളിലെ പ്രതിയെയാണ് നാട്ടിലെത്തിക്കാൻ ശ്രമിച്ചതെന്ന് കെടി ജലീൽ പ്രതികരിച്ചു. യാസിർ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് മന്ത്രിയുടെ ആരോപണം. മതസ്പർധ വളർത്തിയതിന് നിരവധി കേസുകളിൽ ഉൾപ്പെട്ട ആളെയാണ് നാട്ടിലെത്തിക്കാൻ ശ്രമിച്ചത്. ഇതിൽ എന്താണ് തെറ്റെന്നും ജലീൽ ചോദിച്ചു.







































