ന്യൂഡെൽഹി: ജമ്മു കശ്‌മീർ-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തലിനെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തൽ സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നും ഭരണഘടനാ പദവിയിൽ വിട്ടുവീഴ്‌ച ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കണമെന്ന് യെച്ചൂരി ആവശ്യപ്പെടുന്നത്.
ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ, സോഷ്യലിസ്‌റ്റ് എന്നീ പദങ്ങൾ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ആത്‌മീയ പ്രതിച്ഛായ ചെറുതാക്കി കാണിച്ചുവെന്ന ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തലിന്റെ പരാമർശം ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി കത്ത് അയച്ചിരിക്കുന്നത്.
അഖില ഭാരതീയ അധിവക്‌ത പരിഷത്ത് സംഘടിപ്പിച്ച സെമിനാറിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ, “ഭരണഘടനയുടെ ആമുഖത്തിൽ മതേതര, സോഷ്യലിസ്‌റ്റ് എന്നീ പദങ്ങൾ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ആത്‌മീയ പ്രതിച്ഛായയെ ചെറുതാക്കി കളഞ്ഞു” എന്ന് ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തൽ പറഞ്ഞുവെന്നും ഇക്കാര്യം മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നുവെന്നും യെച്ചൂരി കത്തിൽ പറയുന്നു.
ആർഎസ്എസുമായി ബന്ധമുള്ള സംഘടനയാണ് ഡിസംബർ അഞ്ചിന് പ്രസ്‌തുത പരിപാടി നടത്തിയതെന്നും യെച്ചൂരി ആരോപിച്ചു. “ഒരു പ്രത്യേക പ്രത്യയശാസ്‌ത്രം പ്രസംഗിക്കുന്ന ഒരു വേദിയിൽ നിന്ന്, ഒരു ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ നടത്തുന്ന പ്രസ്‌താവനകൾ മാപ്പർഹിക്കാത്ത കുറ്റമാണ്. തന്റെ ഭരണഘടനാപരമായ പ്രവർത്തനങ്ങൾ നിർവഹിക്കാൻ അദ്ദേഹം ചെയ്‌ത പ്രതിജ്‌ഞയുടെ ലംഘനമാണിത്. ഭരണഘടനാ പദവിക്ക് വിരുദ്ധമായ പെരുമാറ്റം നടത്തിയ ചീഫ് ജസ്‌റ്റിസിനെ സ്‌ഥാനത്ത് നിന്ന് നീക്കണം; യെച്ചൂരി പറഞ്ഞു.
“ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിലും രാഷ്‌ട്രത്തലവൻ എന്ന നിലയിലും (ജസ്‌റ്റിസ്) മിതാലിന്റെ നിയമന അധികാരിയെന്ന നിലയിലും ഭരണഘടനയുടെ പവിത്രതയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതിനായി അദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാൻ ഞാൻ അഭ്യർഥിക്കുന്നു, ”- അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: മകന്റെ തെറ്റിന് അച്ഛന് ശിക്ഷയെന്തിന്; അജയ് മിശ്രയെ പിന്തുണച്ച് കേന്ദ്രം