മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മങ്കട വെള്ളില സ്വദേശിനിയായ തഹ്ദിലയാണ് (ചിഞ്ചു, 25) ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ചത്.
ഭർതൃ പിതാവ് അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ വിവരം തഹ്ദിലയുടെ വീട്ടുകാരെ അറിയിച്ചു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു.
ഗാർഹിക പീഡനം മൂലമാണ് മരിച്ചതെന്ന് ആരോപിച്ചു ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിന് പാണ്ടിക്കാട് പോലീസ് കേസെടുത്തു. വിദേശത്തായിരുന്ന ഭർത്താവ് നിസാർ ഇന്നലെ വൈകിട്ടോടെയാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഖബറടക്കി. നാല് മക്കളാണ് ഇവർക്കുള്ളത്.
Most Read| മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്ഥലം മാറ്റി








































