കാസർഗോഡ്: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഏഴാം മൈൽ കായലടുക്കാതെ തൗഫീഖ്, മാവിലാകടപ്പുറത്തെ നസീർ, ആവിയിൽ അബ്‌ദുൽ സലാം എന്നിവരെയാണ് ഹൊസ്‌ദുർഗ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അജാനൂർ ഇട്ടമ്മൽ റഹ്‌മത്ത് മൻസിലിൽ ബിഎം മുഹമ്മദലിയെ ആണ് മൂന്നംഗ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്.
ഇയാളുടെ കയ്യിൽ നിന്ന് 25,000 രൂപ വിലവരുന്ന ഫോണും പോക്കറ്റിൽ സൂക്ഷിച്ച 3,000 രൂപയുമാണ് കവർന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ മൗലവി ബുക്ക് സ്‌റ്റാളിന് സമീപത്ത് സുഹൃത്തിന്റെ കാറിൽ ഇരുന്ന് ഫോൺ ചെയ്യുകയായിരുന്ന മുഹമ്മദലിയെ മറ്റൊരു കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ശബ്‌ദിച്ചാൽ കുടുംബത്തെ അടക്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
കവർച്ച നടത്തിയ ശേഷം സംഘം കാറിൽ കയറി നീലേശ്വരം ഭാഗത്തേക്ക് പോയി. ഉടൻ തന്നെ മുഹമ്മദലി പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. കേസെടുത്ത പോലീസ് മണിക്കൂറുകൾക്കുള്ളിൽ തൃക്കരിപ്പൂരിൽ നിന്ന് പ്രതികളെ പിടികൂടി. സംഘം സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മൂന്ന് പേരും ഒട്ടേറെ പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Most Read: പിജി ഡോക്‌ടർമാരുടെ സമരം; ഭാഗികമായി പിൻവലിക്കാൻ തീരുമാനം






































